ഹാർവി വെയ്ൻസ്റ്റൈനെതിരെ വീണ്ടും ലൈംഗികാരോപണ കേസ് - me too hollywood
കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച് വരുന്നതിന് തൊട്ടുപിന്നാലെയാണ് മീ ടൂ വിവാദനായകനെതിരെ ലൈംഗിക ആരോപണവുമായി പുതിയ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനെതിരെ വീണ്ടും ലൈംഗികാരോപണ കേസ്. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച് വരുന്നതിന് തൊട്ടുപിന്നാലെയാണ് മീ ടൂ വിവാദനായകനെതിരെ ലൈംഗിക ആരോപണവുമായി പുതിയ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ബേവർലി ഹിൽസിലെ ഹോട്ടൽ മുറിയിൽ വച്ച് പത്ത് വർഷങ്ങൾക്ക് മുമ്പ് വെയ്ൻസ്റ്റൈൻ തന്നെ പീഡിപ്പിച്ചുവെന്ന് ഒരു സ്‌ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുതുതായി ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്‌തതോടെ മൊത്തം എട്ട് കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ മൂന്ന് കേസുകളുടെ വിചാരണ പൂർത്തിയാക്കി ഹോളിവുഡ് നിർമാതാവിന് 23 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇയാൾക്ക് എതിരെയുള്ള പുതിയ കേസിന് നാല് വർഷം തടവുശിക്ഷ ലഭിക്കാനുള്ള വകുപ്പുകളുണ്ട്. ഇവക്ക് പുറമെ, രജിസ്റ്റർ ചെയ്യാത്ത രണ്ട് കേസുകളും അന്വേഷിച്ച് വരികയാണ്. ഇരകളുടെ സ്വകാര്യത മാനിച്ചാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്യാത്തത്. കഴിഞ്ഞ മാസമാണ് ന്യൂയോർക്ക് സുപ്രീം കോടതി ലൈംഗികാതിക്രമ കേസിൽ പ്രതിയായ ഹാർവി വെയ്ൻസ്റ്റൈന് 23 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.