സംസ്ഥാനത്തെ നാല് പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തിക്കുറിച്ച് തുടർഭരണം നേടിയതിലെ ആഘോഷത്തിൽ എകെജി സെന്‍ററിൽ കരിമരുന്ന് പ്രയോഗം നടത്തിയ നടപടിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതമായിരുന്നതിനാൽ തന്നെ വീട്ടിൽ വിജയദീപം തെളിയിച്ചാണ് പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾ എൽഡിഎഫിന്‍റെ വിജയം ആഘോഷിച്ചത്.
വിജയദിനത്തിലെ ആഘോഷം, ഹരീഷ് പേരടിയുടെ വിമർശനം
സംസ്ഥാനത്ത് 38460 രോഗികൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 54 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം ഉചിതമായില്ല എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. ഒരു പക്ഷേ, താൻ കാൾ മാക്സ് പോലുള്ളവരുടെ പുസ്തകങ്ങൾ വായിക്കാത്തതിന്‍റെ പ്രശ്നമാണെന്ന തരത്തിലും താരം വിമർശനമുയർത്തി.
-
പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള...
Posted by Hareesh Peradi on Friday, 7 May 2021
More Read: 'പ്രതികരിക്കാത്ത എല്ലാ സിനിമാസംഘടനകളുടെയും മുഖത്ത് കാർക്കിച്ച് തുപ്പുന്നു'-ഹരീഷ് പേരടി
"പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചത് മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു... പിപിഇ കിറ്റ് അണിഞ്ഞ് ആബുലൻസിന്‍റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കൊവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡിവൈഎഫ്ഐ സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101 ശതമാനവും മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... 38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല... ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്‍റെ കുഴപ്പമാണ്...ക്ഷമിക്കുക..." ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.