മീടൂ ആരോപണം നേരിടുന്ന വേടനും ഭക്ഷണം മോഷ്ടിച്ചെന്ന പേരിൽ തല്ലിക്കൊന്ന മധുവും പട്ടിണിയുടെ ഇരകളെന്ന് നടൻ ഹരീഷ് പേരടി. ഹിരണ്‍ദാസ് മുരളി എന്ന റാപ്പർ വേടനെതിരെയുള്ള ലൈംഗിക ആരോപണക്കേസിൽ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി പ്രതികരിച്ചത്.
മൂന്നാം ലോകരാജ്യങ്ങളിലെ ലൈംഗിക ദാരിദ്ര്യം ഇനിയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ലൈംഗിക സ്വാതന്ത്ര്യമുള്ള പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള മീടൂ പ്രഖ്യാപനങ്ങളും ലൈംഗിക ദാരിദ്ര്യം ഉള്ള ഇന്ത്യയിൽ നിന്നുള്ള മീടൂ ആരോപണങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന് താരം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചു.
More Read: വേടന്‍റെ മാപ്പുപറച്ചിലിന് ലൈക്ക് അടിച്ച പാര്‍വതി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം
മധുവും വേടനും പട്ടിണിയുടെ ഇരകളാണ്. എന്നാൽ, വേട്ടക്കാരൻ സവർണനായിരുന്നെങ്കിൽ ധാരാളം ഇളവുകൾ നൽകിയേനെ എന്നും ഹരീഷ് പേരടി ചൂണ്ടിക്കാട്ടി. വേടന്‍റെയും മീടൂ കുറ്റാരോപിതനായ വൈരമുത്തുവിന്‍റെയും സ്വഭാവം നിയമപരമായി നേരിടുക. എന്നാൽ, അവരുടെ പാട്ടുകൾ ഇനിയും കേട്ടുകൊണ്ടേയിരിക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടി ഫേസ്ബുക്കിൽ പ്രതികരിച്ചത്
'മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല..അതുകൊണ്ടാണ് ലൈഗിക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ...സ്വാതന്ത്ര്യത്തിൻ്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോൾ സെക്‌സിൻ്റെ പട്ടിണിയുള്ള ഒരു ഉഷ്ണരാജ്യത്തെ മീ..ടൂ..ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്ര്യ ലംഘനവും, കള്ളനെ ആൾ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്..
ഭക്ഷണം മോഷ്ടിച്ചതിൻ്റെ പേരിൽ നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്...വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ട് എന്നത് മറ്റൊരു സത്യം...വേടൻ്റെയും വൈരമുത്തുവിൻ്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക.. പക്ഷെ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും...കുട്ടികൾ ഇല്ലാത്തതിൻ്റെ പേരിൽ ആദ്യ ഭാര്യയെ നിലനിർത്തി രണ്ടാം കല്യാണം കഴിച്ച പുരോഗമനവാദിയായ വയലാറിൻ്റെ പാട്ട് കേൾക്കുന്നതുപോലെ ...' ഹരീഷ് പേരടി പറഞ്ഞു.
More Read: 'പ്രഖ്യാപിച്ച പുരസ്‌കാരം കൊടുക്കാതിരിക്കുന്നത് അനീതി' ; വൈരമുത്തുവിനെ തുണച്ച് ഹരീഷ് പേരടി
ഒഎൻവി അവാർഡ് ജേതാവായി വൈരമുത്തുവിനെ പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ വിവാദങ്ങളിലും താരം പ്രതികരിച്ചിരുന്നു. പ്രഖ്യാപിച്ച അവാർഡ് വൈരമുത്തുവിന് നൽകാതെ വൈകിപ്പിക്കുന്നത് സാംസ്‌കാരിക കേരളം കലാകാരനോട് കാണിക്കുന്ന അനീതിയാണെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെട്ടത്.