ആർഭാടവും ആഘോഷങ്ങളും ഇല്ലാതെ ലളിതമായി വിവാഹചടങ്ങുകൾ നടത്താൻ കൊവിഡ് കാലം പഠിപ്പിച്ചു. എന്നാൽ, ഇതിനേക്കാൾ ഏറെ മുമ്പ് അനാവശ്യ ആഘോഷങ്ങൾ ഒഴിവാക്കി വിവാഹ ചെലവിന്‍റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്‌ത പുതുതലമുറയുടെ സിനിമാ ഐക്കണുകളെ പ്രശംസിക്കുകയാണ് നടൻ ഹരീഷ് പേരടി. രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ ഒരുങ്ങുമ്പോൾ അനാവശ്യ ചെലവുകൾ ആവശ്യമില്ലെന്ന് യുവസംവിധായകൻ ആഷിക് അബുവും നടിയും നിർമാതാവുമായ റിമ കല്ലിങ്കലും കാണിച്ചുതന്നു. 101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളുടെ വിവാഹം നടത്തുന്ന രക്ഷിതാക്കൾ മാറി ചിന്തിക്കേണ്ട കാലമാണിതെന്നും ഹരീഷ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.
ആഷിക്ക് അബു- റിമ കല്ലിങ്കൽ വിവാഹം മാതൃകയെന്ന് നടൻ ഹരീഷ് പേരടി
രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ ഒരുങ്ങുമ്പോൾ അനാവശ്യ ചെലവുകൾ ആവശ്യമില്ലെന്ന് ആഷിക് അബുവും റിമ കല്ലിങ്കലും കാണിച്ചുതന്നു എന്ന് ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി
"കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും ഓർമ്മ പെടുത്തുന്നുണ്ട് ...അതിൽ പ്രധാനമാണ്...രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവിശ്യ ചിലവുകൾ ഒഴിവാക്കുക എന്നത്...അതിൽ നല്ല മാതൃകയാണ് ആഷിക്കും റീമയും..കൊറോണ കാലത്തിനും എത്രയോ മുമ്പേ ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചിലവിന്‍റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ ...നവ സിനിമകളെ നെഞ്ചിലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല ...101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനർചിന്തനം നടത്തേണ്ട സമയമാണിത്..."
വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവർക്ക് മാനസിക വിദ്യാഭ്യാസവും നിയമ പരിവർത്തനവും നൽകേണ്ടത് അത്യാവശ്യമാണെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. "പെൺ വീട്ടുകാർ അർജന്‍റീനയും ആൺ വീട്ടുക്കാർ ബ്രസീലുമായി മാറുന്ന കാണികൾ ആർത്തു വിളിക്കുന്ന ഒരു മൽസരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്...സ്വാതന്ത്ര്യത്തിന്‍റെ കാറ്റേൽക്കുന്ന രണ്ട് വ്യക്തികളുടെ കുടിചേരലാണ് വിവാഹം...കൊറോണ എന്ന അധ്യാപകൻ നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്..." ഹരീഷ് കൂട്ടിച്ചേർത്തു.