ഷെയ്ന്‍ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന് അഭിനന്ദനവുമായി നടൻ ഹരീഷ് പേരടി. മോഹന്‍ലാൽ ഒരു കംപ്ലീറ്റ് നടൻ മാത്രമല്ല, കംപ്ലീറ്റ് മനുഷ്യൻ കൂടിയാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പ്രശംസിച്ചു.
ഷെയ്‌നിനെപ്പോലെ 'അമ്മ' പെൺമക്കളെയും തിരിച്ചുകൊണ്ടുവരണമെന്ന് ഹരീഷ് പേരടി - 'അമ്മ' പെൺമക്കളെയും തിരിച്ചുകൊണ്ടുവരണം
ഷെയ്ന്‍ വിഷയം പരിഹരിച്ചതിൽ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനെ അഭിനന്ദിക്കുന്നതിനൊപ്പം സംഘടനയിൽ നിന്ന് വിട്ടുപോയ പെണ്‍മക്കളെ തിരിച്ചുകൊണ്ടു വരണമെന്നും ഹരീഷ് പേരടി പറയുന്നു.
ഷെയ്‌നിന്‍റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചെന്ന 'വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ...നിങ്ങളൊരു കംപ്ലീറ്റ് നടൻ മാത്രമല്ല, കംപ്ലീറ്റ് മനുഷ്യൻ കൂടിയാണ് എന്നാണ് ഹരീഷ് തന്‍റെ കുറിപ്പിൽ പറയുന്നത്."ലാലേട്ടാ..ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ...നിങ്ങളൊരു കംപ്ലീറ്റ് ആക്‌ടര്‍ മാത്രമല്ലാ..മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്...ലാലേട്ടന്‍റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു....." ഇതുപോലെ സംഘടനയിൽ നിന്ന് വിട്ടുപോയ രമ്യ,റിമ,ഗീതു,ഭാവന തുടങ്ങിയ പെണ്‍മക്കളെ തിരിച്ചുകൊണ്ടു വരണമെന്നും അമ്മയ്ക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ എന്നും താരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുന്നു.
എന്നാൽ സൂപ്പർതാരത്തെ ഹരീഷ് പരിഹസിക്കുകയാണെന്ന തരത്തിലുള്ള കമന്‍റുകളാണ് പോസ്റ്റിന് മറുപടിയായി ലഭിക്കുന്നത്.