കേരളം

kerala

ETV Bharat / sitara

സംഗീത നാടക അക്കാദമിയുടേത് പിടിവാശിയും ഈഗോയും, ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയേറുന്നു - കേരള സംഗീത നാടക അക്കാദമി

നടന്‍ ഹരീഷ് പേരടി, സംവിധായകന്‍ വിനയന്‍ തുടങ്ങിയവരാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍റെ കാര്യത്തില്‍ സംഗീത നാടക അക്കാദമി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്

Kerala Sangeetha Nataka Akademi news  Kerala Sangeetha Nataka Akademi  Kerala Sangeetha Nataka Akademi rlv ramakrishnan  rlv ramakrishnan news  rlv ramakrishnan and kpac lalita  ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയേറുന്നു  ആര്‍എല്‍വി രാമകൃഷ്ണന്‍ വാര്‍ത്തകള്‍  കേരള സംഗീത നാടക അക്കാദമി  കേരള സംഗീത നാടക അക്കാദമി വാര്‍ത്തകള്‍
സംഗീത നാടക അക്കാദമിയുടേത് പിടിവാശിയും ഈഗോയും, ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയേറുന്നു

By

Published : Oct 4, 2020, 5:40 PM IST

കഴിഞ്ഞ ദിവസമാണ് നടന്‍ കാലഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചതില്‍ മനംനൊന്തായിരുന്നു രാമകൃഷ്ണന്‍റെ ആത്മഹത്യ ശ്രമം. 'ജാതി വിവേചനം ഇല്ലാത്ത ഒരു കലാലോകമുണ്ടാകട്ടെ' എന്ന് ആത്മഹത്യശ്രമത്തിന് മുമ്പ് രാമകൃഷ്ണന്‍ കുറിപ്പില്‍ എഴുതിയിരുന്നു. സ്ത്രീ അല്ലെന്ന കാരണത്താല്‍ സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചുവെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. മോഹിനിയാട്ടം സാധാരണ സ്ത്രീകളാണ് അവതരിപ്പിക്കാറെന്ന വിചിത്ര വാദമാണ് കേള്‍ക്കേണ്ടി വന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ സിനിമാ മേഖലയില്‍ നിന്നും നിരവധിപേര്‍ രാമകൃഷ്ണന് പിന്തുണയുമായി എത്തുന്നുണ്ട്. 'ശാസ്ത്രീയ നൃത്തത്തിൽ ഡോക്‌ടറേറ്റുള്ള ജീവിതം മുഴുവൻ നൃത്തത്തിന് വേണ്ടി സമർപ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആർക്ക് വേദിയുണ്ടാക്കാനാണ് ഈ അക്കാദമി...? ദലിത് സമൂഹത്തിൽ നിന്ന് ഒരാൾ മോഹിനിയാട്ടം ചെയ്‌താല്‍ തകർന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കിൽ മോഹിനിയാട്ടം കേരളത്തിൽ നിരോധിക്കേണ്ടിവരും. ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സർക്കാരിനെ മനപൂർവ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളു...' വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ വിനയനും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 'മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുത്ത വ്യക്തിയാണ് രാമകൃഷ്‌ണൻ. നൃത്തത്തിന് വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേൽ മാനസികമായി വേദനിപ്പിക്കണമായിരുന്നോ...? പ്രത്യേകിച്ച് ദലിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം പറയുന്ന അധികാരികൾ... ഒരു ദലിത് കലാകാരനായ രാമകൃഷ്ണൻ സംഗീതനാടക അക്കാദമിയുടെ മുന്നിൽ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നത് പോലും അറിഞ്ഞില്ലെന്നാണോ? സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവുവെന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്...' വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പരിപാടിക്കായുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടില്ലെന്നാണ് അക്കാദമിയുടെ നിലപാട്. അതേസമയം ചികിത്സയില്‍ കഴിയുന്ന രാമകൃഷ്ണന്‍റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details