93-ാമത് ഓസ്‌കർ പുരസ്‌കാരത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട് തെരഞ്ഞെടുത്തു എന്ന വാര്‍ത്ത ഒരേ നിമിഷം അഭിമാനവും സന്തോഷവും മലയാളികള്‍ക്ക് നല്‍കിയിരുന്നു. മലയാളികള്‍ക്ക് മാത്രമല്ല സിനിമയെ സ്നേഹിക്കുന്ന ഇന്ത്യക്കാര്‍ ഒന്നാകെ ആവേശത്തിലായി എന്ന് വേണം പറയാന്‍. ഇപ്പോള്‍ ജല്ലിക്കട്ടിലൂടെ ഓസ്‌കര്‍ ഇന്ത്യയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്തുവരികയാണ്. ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഓസ്‌കർ കാംപെയ്‌നിങില്‍ നിര്‍മാതാവും അക്കാദമി അവാര്‍ഡ് ജേതാവുമായ ഗുനീത് മോംഗയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഗാംങ്‌സ് ഓഫ് വാസേപൂർ, മസാൻ, ദി ലഞ്ച് ബോക്‌സ് തുടങ്ങി അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളുടെ നിർമാതാവാണ് ശിഖ്യ എന്‍റര്‍ടെയിൻമെന്‍റ് ബാനർ സ്ഥാപക കൂടിയായ ഗുനീത് മോംഗ. ഗുനീത് മോംഗ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന പിരിയഡ് 'എന്‍ഡ് ഓഫ് സെന്‍റന്‍സ്' 2019 ഓസ്‌കറിൽ മികച്ച ഷോർട്ട് ഡോക്യുമെന്‍ററി വിഭാഗത്തിൽ പുരസ്‌കാരം നേടിയിരുന്നു.
മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ജല്ലിക്കട്ട് മത്സരിക്കുന്നത്. അറവുശാലയിൽ നിന്നും ഓടിരക്ഷപ്പെട്ട ഒരു പോത്തിനെ പിടിക്കുക എന്ന ലക്ഷ്യവുമായി പന്തവും, ആയുധങ്ങളും, ടോർച്ചും ഒക്കെയായി പോത്തിനെ തിരഞ്ഞോടുന്ന ഒരു പറ്റം മനുഷ്യരും അതിനെ ചുറ്റിപറ്റി നടക്കുന്ന കുറെ സംഭവങ്ങളുമാണ് ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ജല്ലിക്കട്ട് പറയുന്നത്. എന്തിനെയോക്കെയോ കീഴടക്കാൻ വേണ്ടിയുള്ള മനുഷ്യന് പരക്കം പാച്ചിലിൽ മൃഗമേത് മനുഷ്യനേത് എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത, സമൂഹത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാണ് ജല്ലിക്കട്ട് സിനിമ.
ആന്‍റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. സംവിധാന മികവ് കൊണ്ടും ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണം കൊണ്ടും അവതരണശൈലിയിലും പ്രമേയത്തിലും വ്യത്യസ്‌തത അവതരിപ്പിച്ച ചിത്രം നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിരുന്നു. 2011ന് ശേഷം ഓസ്‌കർ നാമനിർദേശം ലഭിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ജല്ലിക്കട്ട്. കൊവിഡ് കാരണം നീട്ടിവെച്ച അക്കാദമി പുരസ്‌കാര ചടങ്ങ് 2021 ഏപ്രിൽ 25ന് ലോസ് ഏഞ്ചൽസിൽ നടക്കും.