ഉയരക്കുറവിന്‍റെ പേരിൽ അതിക്രൂരമായ കളിയാക്കലിന് ഇരയായ ബാലന് പിന്തുണയറിയിച്ച് മലയാളിയുടെ ഇഷ്ടതാരം ഗിന്നസ് പക്രു രംഗത്തെത്തി. താനും ഒരിക്കൽ ഉയരക്കുറവിന്‍റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. എന്നാൽ ആ കണ്ണീരാണ് പിന്നീട് തന്‍റെ യാത്രക്ക് ഊർജമായതെന്നും അദ്ദേഹം എഴുതിയിരിക്കുന്നു.
ഭിന്നശേഷിക്കാരനായ ബാലന് ഗിന്നസ് പക്രുവിന്‍റെ വൈകാരിക കുറിപ്പ് - guinnes-pakru-fb
താനും ഒരിക്കൽ ഉയരക്കുറവിന്‍റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്നാണ് ഗിന്നസ് പക്രു ക്വാഡന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്
പൊക്കക്കുറവിന്‍റെ പേരിൽ കൂട്ടുകാർ പരിഹസിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ക്വാഡന്‍ എന്ന കുട്ടിയുടെ വീഡിയോ വലിയ തോതിൽ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിറയുകയാണ്. ഓസ്ട്രേലിയക്കാരനായ ക്വാഡൻ തന്നെ ആരെങ്കിലുമൊന്ന് കൊന്നുതരാമോയെന്നാണ് വീഡിയോയിലൂടെ അമ്മയോട് ചോദിക്കുന്നത്. അത്ര ക്രൂരമായ കളിയാക്കലിലാണ് ക്വാഡൻ ഇരയായതെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ക്വാഡന്‍റെ അമ്മ യാറക ബെയിൽസ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്.
ക്വാഡന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഗിന്നസ് പക്രു തന്‍റെ അനുഭവം പറഞ്ഞത്. 'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്..... ആ കണ്ണീരാണ് പിന്നീടുള്ള യാത്രക്ക് ഇന്ധനമായത്... നീ കരയുമ്പോൾ... നിന്‍റെ അമ്മ തോൽക്കും......... ഈ വരികൾ ഓർമ്മ വെച്ചോളു... "ഊതിയാൽ അണയില്ല, ഉലയിലെ തീ... ഉള്ളാകെ ആളുന്നു ഉയിരിലെ തീ" , ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്‍റെ ഈ കുറിപ്പ്' ഗിന്നസ് പക്രു കുറിച്ചു.