കണ്ണൂർ: മഹാകവി കുമാരനാശാന്‍റെ ജീവിതം പറയുന്ന ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിന് തലശ്ശേരിയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലചിത്രമേളയിൽ മികച്ച പ്രതികരണം. കാവ്യഭംഗി ചേർത്ത് ചരിത്രം പറയുന്ന ചിത്രം കാലിക പ്രസക്തമെന്നാണ് പ്രേക്ഷകർ പറയുന്നത്. കുമാരനാശാന്‍റെ ജീവിതവും കവിതകളുടെ പശ്ചാത്തലവുമാണ് ഗ്രാമവൃക്ഷത്തിലെ കുയിലിലൂടെ സംവിധായകൻ കെ.പി കുമാരൻ അവതരിപ്പിക്കുന്നത്.
ആശാന്‍റെ കഥ പറഞ്ഞ 'ഗ്രാമവൃക്ഷത്തിലെ കുയിൽ'; ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം - gramavrikshathile kuyil kumaranashan news
മഹാകവി കുമാരനാശാന്‍റെ ജീവിതം ആസ്‌പദമാക്കിയാണ് കെ.പി കുമാരൻ ഗ്രാമവൃക്ഷത്തിലെ കുയിൽ ഒരുക്കിയിട്ടുള്ളത്.
ശ്രീ നാരായണ ഗുരുവിനൊപ്പം ചേർന്ന് നിൽക്കുന്ന കേരള നവോഥാനത്തിന്‍റെ ചരിത്രവും ചിത്രത്തിലൂടെ കടന്നു പോകുന്നുണ്ട്. സംഗീത സംവിധായകനായ ശ്രീവത്സൻ ജെ. മേനോൻ അഭിനേതാവായും ഗംഭീര പ്രകടനമാണ് കാഴ്‌ച വക്കുന്നത്. കുമാരനാശാന്‍റെ മുഖസാദൃശ്യത്തോടെ ചിത്രം മികച്ച നിലവാരം പുലർത്തിയെന്ന് തിരക്കഥാകൃത്തും നിരൂപകനുമായ എൻ.ശശിധരൻ പറഞ്ഞു. മഹാകവിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയ ചിത്രത്തിൽ മൂർക്കോത്ത് കുമാരൻ അടക്കമുള്ള കഥാപാത്രവും കടന്നു വരുന്നുണ്ട്. ചരിത്രത്തിനൊപ്പം കാവ്യഭംഗിയും ആസ്വദിച്ച സന്തോഷത്തിലാണ് സിനിമ കണ്ട് പുറത്തിറങ്ങിയ ഓരോ പ്രേക്ഷകനും.