കുറ്റകൃത്യങ്ങൾ കുറവുള്ള നാട്ടിലേക്ക് ഗുണ്ടാ നിയമം കൊണ്ടുവരുന്നതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഉൾപ്പെടെയുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ നടപടികൾക്കുമെതിരെ പ്രതിഷേധം ഉയരുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തുന്നതെങ്ങനെയാണ് വികസനമാകുന്നതെന്ന് നടൻ പൃഥ്വിരാജും ചോദിച്ചു. സംവിധായികയും നടിയുമായ ഗീതു മോഹൻദാസും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ലക്ഷദ്വീപിന്‍റെ സമാധാനത്തെ ശല്യപ്പെടുത്തരുതെന്നും അവരുടെ പാരിസ്ഥിതിക വ്യവസ്ഥക്ക് തടയിണ ഇടരുതെന്നും ഗീതു മോഹൻദാസ് പറഞ്ഞു. ഒരുമിച്ച് നിന്ന് ശബ്‌ദം ഉയർത്തേണ്ട സമയമാണിത്. ഇത് ശരിയായ കാതുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായിക വ്യക്തമാക്കി.
"ഞാൻ മൂത്തോൻ ചിത്രീകരിച്ചത് ലക്ഷദ്വീപിൽ വച്ചാണ്. എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ആളുകളും മാന്ത്രികമായ നാടും. എന്നെ സമീപിച്ച എല്ലാവർക്കുമൊപ്പമാണ് എന്‍റെ ഹൃദയവും. അവരുടെ നിലവിളി നിരാശാജനകവും എന്നാൽ വാസ്‌തവവുമാണ്. ഇപ്പോൾ ഒരുമിച്ച് നിന്ന് ശബ്‌ദം ഉയർത്തുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ദയവായി അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയേയോ നിരപരാധിത്വത്തെയോ തടസപ്പെടുത്തരുത്. വികസനത്തിന്‍റെ പേരിൽ പോലും അങ്ങനെ ചെയ്യരുത്. ഇത് ശരിയായ ചെവിയിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം, സേവ്‌ലക്ഷദ്വീപ്, ഐസ്റ്റാൻഡ്‌വിത്ത്‌ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളും ഗീതു മോഹൻദാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്.