ഉജ്ജയിനിയിലെ ഗായിക..,ആയിരം പാദസരങ്ങൾ കിലുങ്ങി.., മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.., ഏഴു സുന്ദര രാത്രികൾ.., എങ്ങനെ മറക്കും മലയാളികളുടെ ചുണ്ടുകളിൽ ഈണമായി മാറിയ ഈ ഗാനങ്ങൾ. മാണിക്യവീണയുമായി മനസിലിടം പിടിച്ച അനശ്വരനായ സംഗീതജ്ഞൻ. കവിത തുളുമ്പുന്ന ഒരുപിടി ഗാനങ്ങൾ മലയാളികളുടെ ഗൃഹാതുരത്വത്തിലേക്ക് ചേർത്തുവച്ച മലയാള സംഗീത ലോകത്തിന്‍റെ മഹാരഥൻ. വയലാറിന്‍റെയും ഒഎൻവിയുടെയും വരികൾക്ക് ജീവൻ നൽകിയ ജി. ദേവരാജൻ മാസ്റ്റർ വിടപറഞ്ഞിട്ട് ഇന്നേക്ക് 14 വർഷം.
1927 സെപ്റ്റംബര്‍ 27ന് കൊല്ലം ജില്ലയിലെ പരവൂരില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്‍റെയും കൊച്ചു കുഞ്ഞിന്‍റെയും മകനായിട്ടാണ് ജി. ദേവരാജന്‍റെ ജനനം. പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്നാണ് മുഴുവൻ പേര്. കോട്ടപ്പുറം ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മൃദംഗ വിദ്വാന്‍ ആയിരുന്ന അച്ഛനായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതത്തിലെ ആദ്യത്തെയും അവസാനത്തെയും ഗുരു. അച്ഛന്‍റെ കീഴിൽ സംഗീതം അഭ്യസിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പതിനെട്ടാം വയസിൽ ദേവരാജൻ മാസ്റ്റർ സംഗീതക്കച്ചേരികളിലും പങ്കെടുത്തിരുന്നു. തൃശ്ശിനാപ്പളളി റേഡിയോ നിലയത്തിലൂടെ അദ്ദേഹത്തിന്‍റെ സംഗീതക്കച്ചേരിയുടെ ആദ്യ പ്രക്ഷേപണവും നടത്തിയിട്ടുണ്ട്. തുടർന്ന്, സംഗീതസംവിധായകനായുള്ള ദേവരാജന്‍റെ അരങ്ങേറ്റം കെ.പി.എ.സിയിലൂടെയായിരുന്നു. സ്വരസ്ഥാനങ്ങളുടെ കണിശതയും സംഗീത ശാസ്ത്രത്തിലുള്ള പ്രാവിണ്യവും ദേവരാജൻ മാസ്റ്ററിന് സംഗീതലോകത്തിൽ ഒരു പ്രത്യേക സ്ഥാനം നൽകിത്തുടങ്ങി. കെ.പി.എ.സി യുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ തന്നെ 1955ല്‍ "കാലം മാറുന്നു " എന്ന സിനിമയിലെ ഗാനങ്ങളുടെ സംഗീത സംവിധായകനായി. ദേവരാജന്‍ മാസ്റ്ററുടെ ആദ്യ സിനിമാ സംഗീത സംവിധാനവും ഒ.എന്‍.വി കുറുപ്പിന്‍റെ ആദ്യ സിനിമാ ഗാന രചനയും ഈ ചിത്രത്തിലൂടെയായിരുന്നു.