ലോകത്തെമ്പാടുമായി നിരവധി ആരാധകരുള്ള സിറ്റ് കോം സീരിസ് ഫ്രണ്ട്സിന്‍റെ റീ യൂണിയന്‍ ഉടന്‍ എത്തും. ഈ മാസം 27 മുതലാണ് ഫ്രണ്ട്സിന്‍റെ റീ യൂണിയന്‍ സംപ്രേഷണം ചെയ്യുകയെന്ന് ടീസര്‍ പങ്കുവെച്ച് നിര്‍മാതാക്കള്‍ അറിയിച്ചു. എച്ച്‌ബിഒ മാക്‌സിലൂടെയാണ് റീ യൂണിയന്‍ സംപ്രേഷണം ചെയ്യുക. എന്നാല്‍ എച്ച്ബിഒ മാക്‌സ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യക്കാർക്ക് എപ്പിസോഡ് കാണാൻ കാത്തിരിക്കേണ്ടിവരും.
ഡേവിഡ് ബെക്കാം, ലേഡി ഗാഗ തുടങ്ങി നിരവധി പ്രശസ്‌തർ എപ്പിസോഡിൽ അതിഥി താരങ്ങളായി എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. റീ യൂണിയന്‍ എപ്പിസോഡുകള്‍ വരുന്നുവെന്ന് അറിഞ്ഞത് മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജെന്നിഫര്‍ ആനിസ്റ്റണ്‍, ഡേവിഡ് ഷ്വിമ്മര്‍, കോര്‍ട്ടെനി കോക്‌സ്, ലിസ കുദ്രോ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി എന്നിവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.