മലയാള സിനിമാനടിമാരുടെ കൂട്ടായ്‌മയായ 'വിമെൻ ഇൻ സിനിമാ കലക്‌ടീവി'(ഡബ്ല്യുസിസി)ൽ നിന്നും പിന്മാറുന്നതായി സംവിധായിക വിധു വിന്‍സെന്‍റ്. സ്‌ത്രീകളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസിയുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് വിധു വിന്‍സെന്‍റ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാണ് സംഘടനയിൽ നിന്ന് മാറാൻ കാരണമെന്നും അവർ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, സ്ത്രീ സൗഹാർദപരമായ അന്തരീക്ഷം സിനിമാ മേഖലയിലും പുറത്തും ഒരുക്കുന്നതിനും ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിക്കുന്നുവെന്നും വിധു വിൻസെന്‍റ് കൂട്ടിച്ചേർത്തു.
ഡബ്ല്യുസിസിയുമായുളള യാത്ര അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിൻസെന്‍റ്
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കലക്‌ടീവിൽ നിന്നും മാറുകയാണെങ്കിലും സംഘടനക്ക് വിധു വിൻസെന്‍റ് പിന്തുണ അറിയിച്ചു.
"വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ല്യുസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു," സ്റ്റാന്‍റ് അപ്, മാൻഹോൾ ചിത്രങ്ങളുടെ സംവിധായിക ഫേസ്‌ബുക്കിലൂടെ അറിയിച്ചു.