മലരും കിളിയും എന്ന തന്‍റെ കന്നിചിത്രത്തിലെ നായകൻ... പിന്നീട് ജാഗ്രത, ഒരു സിബിഐ ഡയറി കുറിപ്പ്, അഭിഭാഷകന്‍റെ കേസ് ഡയറി, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ കുറ്റാന്വേഷണ ത്രില്ലർ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന ഇതിഹാസം, സപ്‌തതി നിറവിലുള്ള മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ കെ മധു.
പ്രേക്ഷകർക്കായി വീണ്ടും ചിലത് തെളിയിക്കാൻ സിബിഐ 5 വരുമെന്ന് ഉറപ്പ് നൽകുകയാണ് അദ്ദേഹം. മെഗാസ്റ്റാറിനുള്ള പിറന്നാൾ സന്ദേശത്തിനൊപ്പമാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്
എഴുപതിലും പതിനേഴിന്‍റെ ഊർജവും കരുത്തുമായി വരുന്ന മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളത്തിന്‍റെ പല പല തലമുറകൾ. ബിഗ് ബിയുടെ രണ്ടാം പതിപ്പ് ബിലാൽ, അമൽ നീരദിന്‍റെ തന്നെ മറ്റൊരു വമ്പൻ ചിത്രം ഭീഷ്‌മ പർവ്വം എന്നീ സിനിമകൾ കൂടാതെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിബിഐ ചിത്രത്തിനായും സിനിമാപ്രേമികൾ പ്രതീക്ഷയിലാണ്.
കെ. മധുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'ഹൃദയം നിറയുന്ന സ്നേഹമാണ് എനിക്ക് ശ്രീ. മമ്മൂട്ടി. സ്നേഹം നൽകുന്ന ഹൃദയമാണ് മമ്മൂട്ടിയുടേത്. ആ താരസൂര്യന്‍റെ ജന്മദിനമാണിന്ന്. അത്ഭുതമാണ് ക്യാമറയ്ക്ക് മുന്നിലും ജീവിതത്തിലും മമ്മൂട്ടിയെന്ന മനുഷ്യൻ.ഗോൾഡൻ വിസ സ്വീകരണ ചടങ്ങിലും ഗാംഭീര്യമുള്ള ആ ശബ്‌ദത്തിൽ കേരളത്തിലെ പ്രേക്ഷകരോടുളള സ്നേഹം ചേർത്തുപിടിച്ച് നിറകുടം തുളുമ്പില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. പ്രേക്ഷകർക്കായ് വീണ്ടും ചിലത് തെളിയിക്കാൻ സിബിഐയുമായി ഞങ്ങളെത്തും... ഒരിക്കൽകൂടി താരസൂര്യന് മമ്മൂട്ടിയെപ്പോലെ അദ്ഭുതകരമായ ജന്മദിനം ആശംസിക്കുന്നു.
More Read: സിബിഐ 5 വരുന്നു; ചിത്രത്തിന്‍റെ ഭാഗമാവുന്നതിൽ ആവേശമെന്ന് ആശ ശരത്
ആ അത്ഭുതങ്ങൾ തുടരട്ടെ... സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ,' കെ. മധു ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സമ്മാനിച്ച കെ.മധുവും തിരക്കഥാകൃത്ത് എസ്. എൻ സ്വാമിയുമാണ് അഞ്ചാം പതിപ്പിലും ഒന്നിക്കുന്നത്. സേതുരാമയ്യർ സിബിഐയുടെ പുതിയ വരവിൽ ആശ ശരത്, സൗബിൻ ഷാഹിർ, രണ്‍ജി പണിക്കർ എന്നിവരുമുണ്ടാകും.