കാത്തിരിപ്പ് വിഫലമാക്കി മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്ക് ശേഷം കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ തോതില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. സിനിമാതാരങ്ങള്‍ അടക്കം ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ദേവനന്ദയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയതോടെ കണ്ണീരില്‍ കുതിര്‍ന്നിരിക്കുകയാണ് നാട് മുഴുവന്‍. ദേവനന്ദയെ ജീവനോടെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കണ്ടെത്താന്‍ സാധിക്കണമേയെന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന. ദേവനന്ദയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകവും ആ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്.
ദേവനന്ദയുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി സിനിമാലോകവും - Devananda's death
ഇന്നലെ കുട്ടിയെ കാണാതായ വാര്‍ത്തകള്‍ പരന്നതിന് പിന്നാലെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ കുട്ടിയെ തിരയുന്നതിന് നിര്‍ദേശം നല്‍കി രംഗത്തുവന്നിരുന്നു
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍ ദേവനന്ദയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തുവന്നു. ഇന്നലെ കുട്ടിയെ കാണാതായ വാര്‍ത്തകള്‍ പരന്നതിന് പിന്നാലെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ കുട്ടിയെ തിരയുന്നതിന് നിര്‍ദേശം നല്‍കി രംഗത്തുവന്നിരുന്നു. പ്രാര്‍ത്ഥനകള്‍ വിഫലമായെന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.
താരവും ഇന്നലെ കുട്ടിയുടെ പോസ്റ്റ് പങ്കുവച്ചിരുന്നു. 'ദേവനന്ദ വിടവാങ്ങി ആദരാഞ്ജലികള്‍' എന്നായിരുന്നു സണ്ണി വെയിന്‍ കുറിച്ചത്. 'പ്രാര്‍ത്ഥനകള്‍... അവളുടെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ. ഇത് ഇത്തരത്തിലുള്ള സംഭവങ്ങളുടെ അവസാനമാകട്ടെ. നമ്മുടെ ചുറ്റുപാടമുള്ള കുട്ടികളുടെയും സ്ത്രീകളുടേയും സുരക്ഷക്കായി കണ്ണുകള്‍ തുറന്ന് വെക്കാം. ഈ സംഭവത്തിന് പിന്നിലുള്ള കൈകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കട്ടെ എന്നും നടന്‍ അജു വര്‍ഗീസ് കുറിച്ചു. യുവതാരം നിവിന്‍ പോളിയും മരിച്ച ദേവനന്ദക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. താരവും ഇന്നലെ, കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ തിരച്ചിലിന് ആഹ്വാനം ചെയ്ത് രംഗത്തുവന്നിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള പുഴയില്‍ നിന്നും കണ്ടെത്തിയത്.