എറണാകുളം: ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ടുള്ള തര്‍ക്ക പരിഹാരത്തിനായി ചലച്ചിത്ര സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കേരള ഫിലിം ചേമ്പറിന്‍റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പ്രതിനിധികള്‍, വിതരണക്കാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് ചർച്ചയില്‍ പങ്കെടുക്കുക.
ഓൺലൈൻ റിലീസ്; തർക്കം പരിഹരിക്കാനുള്ള യോഗം ഇന്ന് - കേരള ഫിലിം ചേമ്പര്‍
കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വീഡിയോ കോൺഫറന്‍സ് വഴിയാകും ചർച്ച
കൊവിഡ് സാഹചര്യത്തിൽ തിയ്യേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാലാണ് നിർമാതാവ് വിജയ് ബാബു അദ്ദേഹം നിര്‍മിച്ച സൂഫിയും സുജാതയുമെന്ന ജയസൂര്യ ചിത്രം ഓൺലൈൻ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് എതിർപ്പുമായി ഫിയോക് സംഘടന രംഗത്തെത്തിയത്. തിയേറ്റർ ഉടമകൾ നിർമാതാക്കളുടെ സംഘടനക്ക് വിഷയത്തില്‍ എതിർപ്പ് അറിയിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തൻ ഓൺലൈൻ റിലീസ് സംബന്ധിച്ച തീരുമാനങ്ങൾ നിർമാതാക്കളെടുക്കുമെന്നാണ് വിഷയത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടെടുത്തത്.
ഓൺലൈൻ റിലീസിനെതിരെ തങ്ങൾ നൽകിയ കത്തിന് നിർമാതാക്കളുടെ സംഘടന മറുപടി നൽകണമെന്നാണ് ഫിയോക്കിന്‍റെ അഭിപ്രായം. അതിനുശേഷം വിഷയം ചർച്ച ചെയ്യുമെന്നും സംഘടന വ്യക്തമാക്കുന്നു. ഓൺലൈൻ റിലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് ഫിലിം ചേമ്പര്‍ മുൻകൈയ്യെടുത്തത്. ഇന്ന് നടക്കുന്ന ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കേരള ഫിലിം ചേമ്പര്‍ കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വീഡിയോ കോൺഫറന്‍സ് വഴിയാകും ചർച്ച.