എറണാകുളം: ഒടിടി പ്ലാറ്റ്ഫോമിൽ സിനിമകൾ റിലീസ് ചെയ്യുന്നത് തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചലച്ചിത്ര സംഘടനകൾ. എന്നാൽ ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു. വിവിധ സംഘടനാ പ്രതിനിധികളുമായി ഫിലിം ചേമ്പർ നടത്തിയ യോഗത്തിലാണ് തീരുമാനം. എന്തുകൊണ്ട് സിനിമ തിയേറ്റർ റിലീസിന് മുമ്പ് ഓൺലൈൻ റിലീസ് ചെയ്യുന്നുവെന്ന് നിർമാതാക്കൾ വ്യക്തമാക്കണമെന്ന് കേരള ഫിലിം ചേമ്പര്‍ പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു.
ഒടിടി റിലീസ് തടയില്ല, പക്ഷെ മാനദണ്ഡങ്ങളുണ്ട്
എന്തുകൊണ്ട് സിനിമ തിയേറ്റർ റിലീസിന് മുമ്പ് ഓൺലൈൻ റിലീസ് ചെയ്യുന്നുവെന്ന് നിർമാതാക്കൾ വ്യക്തമാക്കണമെന്ന് കേരള ഫിലിം ചേമ്പര്‍ പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു
ഒടിടി റിലീസ് മാനദണ്ഡങ്ങൾ സിനിമാ സംഘടനകൾ കൂടിയിരുന്ന് ചർച്ച ചെയ്യുമെന്നും തിയേറ്റർ റിലീസിന് നിശ്ചയിച്ച സിനിമ ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ റിലീസിന് തീരുമാനിച്ചപ്പോഴാണ് ചെറിയ രീതിയിലുള്ള പ്രതിഷേധമുണ്ടായതെന്നും വിജയ് ബാബുവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിനെ തടസപ്പെടുത്താൻ കഴിയില്ലെന്നും ഒരുപാട് നിർമാതാക്കൾക്ക് ആശ്വാസം പകരുന്നതാണ് ഓൺലൈൻ മേഖലയെന്നും നിർമാതാക്കൾക്കുണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിയേറ്റർ റിലീസ് ഉദ്ദേശിക്കുന്ന ചിത്രങ്ങൾ അത്തരത്തിൽ മാത്രമാണ് റിലീസ് ചെയ്യുകയെന്നും വിജയകുമാർ പറഞ്ഞു.
മലയാളത്തിൽ 66 സിനിമകളാണ് ലോക്ക് ഡൗണ്‍ മൂലം ഇപ്പോള്‍ നിന്ന് പോയത്. ഇതിൽ ഒടിടി റിലീസിന് താല്‍പര്യമുള്ളവർ അറിയിക്കുന്നതിന്, കത്ത് നൽകിയെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ബി.രഞ്ജിത്ത് വ്യക്തമാക്കി. അവരിൽ നിന്ന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടർനടപടി സ്വീകരിക്കും. നിലവിൽ നാലോ അഞ്ചോ സിനിമകൾ മാത്രമായിരിക്കും ഓൺലൈൻ റിലീസിന് തയ്യാറാവുകയെന്നും ഭൂരിഭാഗം നിർമാതാക്കളും തങ്ങൾ തിയേറ്റർ റിലീസാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ റിലീസിൽ ആശങ്കയറിയിച്ച് തിയേറ്റർ ഉടമകളുടെ സംഘടന നൽകിയ കത്തിന് അടുത്ത ദിവസം തന്നെ മറുപടി നൽകുമെന്നും രഞ്ജിത്ത് പറഞ്ഞു. ചർച്ചയിലേക്ക് ക്ഷണിച്ചവരെല്ലാം പങ്കെടുത്തുവെന്നും ചിലർ അസൗകര്യം അറിയിച്ചിരുന്നുവെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി. തുടർ ചർച്ചകൾ ഉടനെയുണ്ടാകുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.