കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടുള്ള സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഫെഫ്‌കയും സംവിധായിക വിധു വിൻസന്‍റും.
ചലച്ചിത്ര തൊഴിലാളികളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സിനിമ വ്യവസായത്തിനൊപ്പമാണ് സർക്കാർ എന്ന് ഒരിക്കൽ കൂടി മുഖ്യമന്ത്രി തെളിയിച്ചുവെന്ന് ഫെഫ്‌ക സംവിധായകരുടെ കൂട്ടായ്‌മ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും സംഘടന അറിയിച്ചു.
ഫെഫ്‌കയുടെ പ്രതികരണം
'കേരളത്തിൽ നിയന്ത്രണങ്ങളോടെ സിനിമ ഷൂട്ടിങ്ങിന് വീണ്ടും അനുമതി നൽകിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംസ്ഥാന സർക്കാരിനും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ അകൈതവമായ നന്ദി അറിയിക്കുന്നു.
ചലച്ചിത്ര തൊഴിലാളികളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സിനിമ വ്യവസായത്തിനൊപ്പമാണ് സർക്കാർ എന്ന നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കിയ മുഖ്യമന്ത്രിക്കും സർക്കാരിനും ഫെഫ്ക ജനറൽ കൗൺസിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു,' എന്ന് ഫെഫ്‌ക ഫേസ്ബുക്കിൽ കുറിച്ചു.
More Read: കർശന നിയന്ത്രണങ്ങളോടെ കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി
ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരെ മാത്രം ഉൾപ്പെടുത്തി നിയന്ത്രണങ്ങളോടെ സിനിമ ഷൂട്ടിന് അനുമതി നൽകിയ സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിധു വിൻസന്‍റ് പറഞ്ഞു. എന്നാൽ, പാലക്കാട് ആത്മഹത്യ ചെയ്ത ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമയുടെ സംഭവം അത്ര ശുഭകരമല്ലെന്നും കൊവിഡ് ജാഗ്രത പോലെ പ്രതിസന്ധികളിലൂടെ പോകുന്ന മനുഷ്യർക്കും സംസ്ഥാന സർക്കാർ കരുതൽ നൽകണമെന്നും സംവിധായിക വിധു വിൻസന്‍റ് ഓർമിപ്പിച്ചു.
ഷൂട്ടിങ് അനുമതി തീരുമാനത്തിൽ വിധു വിൻസന്‍റിന്‍റെ പ്രതികരണം
'ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരെ മാത്രം ഉൾപ്പെടുത്തി നിയന്ത്രണങ്ങളോടെ സിനിമ ഷൂട്ടിങ്ങിന് അനുമതി നല്കാനുളള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചലച്ചിത്ര പ്രവർത്തകർ ദീർഘനാളായി നേരിടുന്ന സങ്കടങ്ങൾക്ക് ഒരാശ്വാസമാണ് ഈ തീരുമാനം.
അതേസമയം, പാലക്കാട്ട് ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമ ഇന്ന് ആത്മഹത്യ ചെയ്ത സംഭവം കാര്യങ്ങൾ ഒട്ടും ശുഭകരമല്ല എന്ന അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്.. കൊവിഡ് പടരാതിരിക്കാനുള്ള ജാഗ്രത പോലെ തന്നെ പ്രധാനമാണ് വറുതിയിലൂടെയും ഞെരുക്കങ്ങളിലൂടെയും കടന്നുപോവുന്ന മനുഷ്യരുടെ നേർക്കുള്ള കരുതൽ,' സംവിധായിക വ്യക്തമാക്കി.