കേരളം

kerala

ETV Bharat / sitara

കൊവിഡ് രണ്ടാം തരംഗം : അംഗങ്ങള്‍ക്കായി സാന്ത്വന പദ്ധതിയുമായി ഫെഫ്‌ക - ഫെഫ്‌ക സംവിധായക കൂട്ടായ്മ കൊവിഡ് രണ്ടാം തരംഗം വാർത്ത

2021 ജനുവരി മാസം മുതല്‍ കൊവിഡ് ബാധിതരായ ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി.

ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണികൃഷ്ണന്‍ വാർത്ത  covid 19 second wave affected colleagues news  fefka directors union news latest  fefka help covid second wave news  unnikrishnan fefka news  ഫെഫ്‌ക കൊവിഡ് സഹായം വാർത്ത  ഫെഫ്‌ക സംവിധായക കൂട്ടായ്മ കൊവിഡ് രണ്ടാം തരംഗം വാർത്ത  ചലച്ചിത്രപ്രവർത്തകർക്ക് സഹായം ഫെഫ്‌ക വാർത്ത
ഫെഫ്‌ക

By

Published : Jun 3, 2021, 7:50 PM IST

കൊച്ചി :കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള ഒട്ടേറെ സഹായങ്ങള്‍ പ്രഖ്യാപിച്ച് ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണികൃഷ്ണന്‍. ഒന്നാം തരംഗത്തിൽ നൽകിയ സഹായം പോലെ രണ്ടാം ഘട്ടത്തിലും ബൃഹദ് പദ്ധതി നടപ്പാക്കുമെന്ന് ഫെഫ്‌ക സംവിധായകരുടെ കൂട്ടായ്‌മ അറിയിച്ചു. 2021 ജനുവരി മാസം മുതല്‍ കൊവിഡിന്‍റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്‌ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഒന്നാം തരംഗത്തിൽ ചലച്ചിത്ര മേഖല നിശ്ചലമായപ്പോൾ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ സംഘടന അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

ഈ വർഷം ജനുവരിക്കിപ്പുറം കൊവിഡ് ബാധിച്ചവർക്ക് 5000 രൂപ നൽകും. ഇതിനുപുറമെ പൾസ് ഓക്സിമീറ്റർ, തെർമോ മീറ്റര്‍, വിറ്റാമിൻ ഗുളികകൾ, അനുബന്ധ മരുന്നുകൾ, ഗ്ലൗസുകൾ, മാസ്കുകൾ എന്നിവ അടങ്ങിയ കൊവിഡ് കിറ്റും നൽകും. ആവശ്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും. കൊവിഡ് ബാധിതരായി മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നൽകാനും ഫെഫ്‌ക തീരുമാനിച്ചു.

ഫെഫ്കയുടെ അറിയിപ്പ്

'2021 ജനുവരി മാസം മുതൽ കൊവിഡിന്‍റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്ക അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. പ്രസ്തുത കാലയളവ് മുതൽ കൊവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായവർക്ക് 5000 രൂപയാണ് നൽകുക. ഇതിന് പുറമെ പൾസ് ഓക്സിമീറ്റർ, തെർമ്മൊമീറ്റർ, വിറ്റാമിൻ ഗുളികകൾ, അനുബന്ധ മരുന്നുകൾ, ഗ്ലൗസുകൾ, മാസ്കുകൾ എന്നിവ അടങ്ങിയ കൊവിഡ് കിറ്റും നൽകും. ആവശ്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും. കൊവിഡ് ബാധിച്ച് മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ സംഘടന നൽകും.

ഈ കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ/ ഭർത്താവ്/ മകൻ/ മകൾ/ സഹോദരൻ/സഹോദരി എന്നിവരിൽ ഒരാൾക്ക് കുടുംബം ആവശ്യപ്പെടുന്ന പ്രകാരം യൂണിയൻ നിയമങ്ങൾക്ക് വിധേയമായി യൂണിയൻ കാർഡ് തികച്ചും സൗജന്യമായി നൽകും.

ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കിൽ അവർക്ക് ജോലി ആവശ്യമാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ/ മറ്റ് 19 യൂണിയൻ ഓഫീസുകളിലോ/ ഫെഡറേഷൻ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കും.

Also Read: കൊവിഡ് കാലത്തെ വലിയ സന്തോഷം ; ലാലേട്ടന്‍റെ അഭിനന്ദനത്തില്‍ ഒമര്‍ ലുലു

കുട്ടികളെ പഠിപ്പിക്കാൻ പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് മക്കളുടെ പഠന സാമഗ്രികൾ വാങ്ങാൻ ആയിരം രൂപ നൽകുന്നതാണ്. ഇതിന്‍റെ ബില്ല് അതാത് യൂണിയൻ സെക്രട്ടറിമാരെ ഏല്പിക്കേണ്ടതാണ്. നിലവിൽ യൂണിയനുകൾ നൽകി വരുന്ന ഏതെങ്കിലും പഠന സഹായ പദ്ധതിയിൽ അംഗമായവർക്ക് ഈ സഹായം ലഭിക്കില്ല.

ജീവൻരക്ഷാ ഔഷധങ്ങൾ കഴിക്കുന്ന അംഗങ്ങൾക്ക് നേരത്തെ നൽകിയത് പോലെ മരുന്നുകൾ കൺസ്യുമർ ഫെഡ് മെഡിക്കൽ ഷോപ്പുകൾ വഴി ഫെഫ്ക സൗജന്യമായി നൽകും. ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായവരിൽ രോഗം ഭേദമായവരും മരുന്ന് മാറ്റമുള്ളവരും ഉള്ളതിനാൽ ആവശ്യമായ മരുന്നിന്‍റെ ഡോക്ടർ നൽകിയ ശീട്ട് അതാത് സംഘടന ഓഫീസുകളിൽ പുതുതായി നൽകേണ്ടതാണ്.

സംഘടന നൽകുന്ന ഇൻഷുറൻസ് പദ്ധതിയിലൂടെ കൊവിഡ് ചികിത്സാസഹായം ലഭിച്ചവർക്കും നിലവിൽ കൊവിഡ് സഹായ ധനം കൈപ്പറ്റിയവർക്കും സാമ്പത്തിക സഹായം ലഭിക്കുന്നതല്ല. ഫെഫ്കയ്ക്ക് കീഴിലെ പത്തൊൻപത് യൂണിയനുകളിൽ അംഗങ്ങളായ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികൾക്കാണ് സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡ പ്രകാരം കോവിഡ് സ്വാന്തന പദ്ധതിയുടെ പ്രയോജനം ലഭിക്കുക.'

കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ ഫെഫ്‌ക നൽകിയ സഹായം

'കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ ചലച്ചിത്ര മേഖല നിശ്ചലമായപ്പോൾ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു. ഒട്ടേറെ സുമനസ്സുകളും സ്ഥാപനങ്ങളും ഫെഫ്കയെ പിന്തുണച്ചത് സംഘടന നന്ദിയോടെ ഓർക്കുന്നു.

അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കരുതൽ നിധി പദ്ധതി, ഫെഫ്ക അംഗങ്ങൾക്കും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവർക്കും ഭക്ഷണം നൽകുന്ന അന്നം പദ്ധതി, സൗജന്യ ആരോഗ്യ ചികിത്സ ഇൻഷുറൻസ് പദ്ധതി, ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, ഓണക്കാല കിറ്റ്, മറ്റ് സാമ്പത്തിക സഹായങ്ങൾ, ചികിത്സാ സഹായങ്ങൾ, അംഗങ്ങളുടെ മരണാനന്തരം കുടുംബങ്ങൾക്ക് നല്കിപ്പോരുന്ന സഹായ ധനം, പെൻഷൻ, പഠനോപകരണങ്ങളുടെ വിതരണം, ഒൻപത് കൊവിഡ് ബോധവൽക്കരണ ചിത്രങ്ങൾ, മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും പൊതു വിതരണം, ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും സഞ്ചരിക്കാൻ ഫെഫ്ക ഡ്രൈവേഴ്സ് യൂണിയന്‍റെ വാഹനങ്ങൾ വിട്ടുകൊടുത്തും പൊതുസമൂഹത്തോട് ചേർന്ന് നിന്ന് ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളാണ് കോവിഡ് ഒന്നാം തരംഗത്തിൽ ഫെഫ്ക ഫെഡറേഷൻ നടത്തിയത്.'

ഫെഫ്കയുടെ രണ്ടാംഘട്ട സഹായ പദ്ധതികളിലും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭ്യർഥിച്ചു. ചലച്ചിത്ര പ്രവർത്തകർ പരസ്പരം ക്ഷേമം തിരക്കിയും സൗഹൃദം പങ്കിട്ടും പിന്തുണ നൽകിയും മഹാമാരിയുടെ ഈ ദുർഘടഘട്ടത്തെ അതിജീവിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ABOUT THE AUTHOR

...view details