ശിവകാർത്തികേയൻ, നെൽസൺ ദിലീപ് കുമാർ, അനിരുദ്ധ് രവിചന്ദർ. തമിഴകത്തിന്‍റെ പ്രിയപ്പെട്ട നായകനും സംവിധായകനും റോക്ക്സ്റ്റാർ എന്നറിയപ്പെടുന്ന സംഗീതജ്ഞനും ഒന്നിക്കുന്ന ഡോക്‌ടർ എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
മാർച്ച് 26ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ച ചിത്രത്തിന്‍റെ റിലീസ് തമിഴ്‌നാട് തെരഞ്ഞെടുപ്പിനെ തുടർന്ന് നീട്ടിവച്ചിരുന്നു. സിനിമ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
തിയറ്ററുകൾ തുറക്കാത്ത സാഹചര്യത്തില്‍ ഡോക്‌ടർ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. എന്നാൽ, സിനിമയുടെ അണിയറപ്രവർത്തകൾ വാർത്തയിൽ പ്രതികരണമറിയിച്ചിട്ടില്ല.
ഡോക്‌ടർ ഒടിടി റിലീസ് വേണ്ട- ആരാധകരുടെ അമർഷം
ഡോക്ടർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വിയോജിപ്പും പ്രതിഷേധവും നിറയുകയാണ്.
ചിത്രത്തിന് തിയറ്ററുകളിൽ ലഭിക്കുന്ന വലിയ ആഘോഷവും ആരവവും വേണമെന്നും അതിനാൽ ഒടിടിയിൽ റിലീസ് ചെയ്യരുതെന്നും ട്വീറ്റുകളിലൂടെ ശിവകാർത്തികേയൻ ആരാധകർ ആവശ്യപ്പെടുന്നു.
More Read: തമിഴ്‌നാട് തെരഞ്ഞെടുപ്പ്; ശിവകാർത്തികേയന്‍റെ 'ഡോക്ടർ' റിലീസ് നീട്ടി
വാർത്തയെ സംബന്ധിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് വ്യക്തത നൽകണമെന്നും ട്വീറ്റുകൾ പറയുന്നു. സിനിമ ഒടിടി റിലീസിനെത്തുവെന്ന വാർത്തയ്‌ക്കെതിരെയുള്ള ആരാധകരുടെ അമർഷം 'ഡോക്ടർ ഒൺലി ഇൻ തിയേറ്റേഴ്‌സ്' എന്ന ഹാഷ്‌ടാഗിൽ ട്വിറ്ററിൽ നിറയുകയാണ്.
കൊലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം അവയവക്കടത്തിനെ പ്രമേയമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിലെ നായിക പ്രിയങ്ക അരുള്‍ മോഹനാണ്. വിനയ്, യോഗി ബാബു, ഇലവരസു, അര്‍ച്ചന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.