തിയേറ്ററുകളിൽ ആവേശമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച മാലിക് ഒടിടിയിലൂടെ പ്രദർശനത്തിനെത്തുകയാണ്. ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുക്കിയ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകന് മാലിക്കിന്‍റെ ഒടിടി റിലീസ് നിരാശയാണെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്റർ റിലീസ് വരെ കാത്തിരിക്കാനാകില്ലെന്ന അണിയറപ്രവർത്തകരുടെ തീരുമാനത്തിനൊപ്പം അവരും യോജിച്ചു നിന്നു.
ടേക്ക് ഓഫിനും സി യു സൂണിനും ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്‍റെ തയ്യാറെടുപ്പുകൾ പത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ, സിനിമ പ്രേക്ഷകനിലേക്ക് എത്താൻ നീണ്ട വർഷങ്ങളെടുത്തു.
സിനിമയുടെ പ്രഖ്യാപന സമയത്ത് ഫഹദ് ഒരു ഡോണായി വരുന്ന ചിത്രമായിരിക്കും എന്നായിരുന്നു സൂചനകൾ. എന്നാൽ, ട്രെയിലറുകൾ ശരിക്കും പ്രേക്ഷകരെ അതിശയിപ്പിച്ചു. മാലിക് ഒരു ചരിത്രപശ്ചാത്തലമാണ് ഉൾക്കൊള്ളുന്നതെന്നാണ് ട്രെയിലറിലൂടെ പ്രേക്ഷകർ വായിച്ചെടുക്കുന്നത്. എന്നാൽ, മാലിക് യഥാർഥ ജീവിതത്തിൽ നിന്നുള്ള കഥയല്ലെന്നും ഒരു പ്രത്യേക സമുദായത്തെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് മഹേഷ് നാരായണൻ വ്യക്തമാക്കുന്നത്.
മാലിക് യഥാർഥ സംഭവമല്ല, എന്നാൽ നിത്യജീവിതത്തിലെ സംഭവങ്ങൾ പ്രതിനിധീകരിക്കുന്നു
'സുലൈമാൻ മാലിക് യഥാർഥ ജീവിതത്തിൽ നിന്നുള്ള കഥയല്ല. ഞാൻ കോവളത്താണ് ജനിച്ചത്. വിഴിഞ്ഞം മുതൽ പൂന്തുറ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള ഇടപെടലും പരിചയവും സിനിമയെ സ്വാധീനിച്ചു. എന്നാൽ, ഒരു പ്രത്യേക സമുദായത്തിനെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അതിനാൽ തന്നെ സാങ്കൽപ്പികമായ കഥാസന്ദർഭവവും പശ്ചാത്തലവുമാണ് സിനിമക്കായി ഉപയോഗിച്ചിരിക്കുന്നത്.'
ഇന്നും നിരന്തരമായി നടക്കുന്ന സംഭവങ്ങൾ മാലിക്കിൽ അവതരിപ്പിക്കുന്നുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കി. 'എന്‍റെ ചിത്രത്തിൽ കറുപ്പും വെളുപ്പുമുള്ള കഥാപാത്രങ്ങളില്ല, ഭൂരിഭാഗം പേരും ഇരുണ്ട നിറമുള്ള ആളുകളാണ്. ഇങ്ങനെ ചിത്രീകരിക്കുന്നതിൽ പ്രത്യേകതകളുണ്ട്. എന്നാൽ, സുലൈമാൻ മാലിക് ഇങ്ങനെ ഒരു പ്രത്യേക വിഭാഗത്തിലുള്ളതല്ല, അയാൾ ഒരു മുഴുവൻ സമൂഹത്തെയും പ്രതിനിധീകരിക്കുന്നുണ്ട്.'
More Read: ലക്ഷദ്വീപിൽ സുലൈമാൻ മാലിക്കിന് നിക്കാഹ്; 'തീരമേ' വീഡിയോ ഗാനം പുറത്ത്