2020 ഒടിടി റിലീസിന്‍റെ വർഷമായിരുന്നു. മാർച്ച് മാസം വരെ ആഘോഷത്തിന്‍റെയും ആർപ്പുവിളികളുടേതുമായിരുന്നു തിയേറ്ററുകളെങ്കിൽ പിന്നീടുള്ള ഒമ്പത് മാസങ്ങളിൽ മൊബൈൽ ഫോണുകളിലും ലാപ്‌ടോപ്പ് സ്‌ക്രീനുകളിലേക്കും ടെലിവിഷൻ സ്‌ക്രീനിലേക്കും സിനിമ ചുരുങ്ങി. നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം, സീ ഫൈവ്, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും മിനിസ്‌ക്രീനിലൂടെയും സൂപ്പർതാരങ്ങളുടെയടക്കം സിനിമകളും സീരീസുകളും റിലീസ് ചെയ്‌തു.
2020ലെ ഒടിടി സൂപ്പർ താരങ്ങൾ; പങ്കജ് ത്രിപാഠിയും പ്രതീക് ഗാന്ധിയും മലയാളത്തിന്‍റെ ഫഹദ് ഫാസിലും - ഗുജറാത്തി താരം പ്രതീക് ഗാന്ധി 2020 വാർത്ത
ഫഹദ് ഫാസിലും ഹിന്ദി നടൻ പങ്കജ് ത്രിപാഠിയും ഗുജറാത്തി താരം പ്രതീക് ഗാന്ധിയും 2020ലെ ഒടിടി സിനിമകളുടെ സൂപ്പർതാരമായി ഇടംപിടിച്ചു
ബിഗ് ബി നായകനായ ഗുലാബോ സിതാബോ, ദി ബിഗ് ബുൾ, എകെ വേഴ്‌സസ് എകെ മുതൽ സൂഫിയും സുജാതയും സി യു സൂൺ, മണിയറയിലെ അശോകൻ തുടങ്ങി ഇന്ത്യയിലെ മിക്ക ഭാഷയിലും പുതിയ സിനിമകൾ നേരിട്ട് ഒടിടിയിലൂടെ പ്രദർശിപ്പിച്ചു. ഇവയിൽ എടുത്തു പറയേണ്ടത് മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത് സി യു സൂൺ തന്നെയാണ്. ലോക്ക് ഡൗൺ കാലത്തെ പരീക്ഷണം എന്ന ഉദാരതയിലോ സ്‌ക്രീൻ ബേസ്‌ഡ് മൂവി എന്ന വിശേഷണത്തിലോ സീ യു സൂണിനെ തളച്ചിടാനാകില്ല. മലയാളത്തിലെ പ്രശസ്‌ത സംവിധായകനും നടനും ഒപ്പം അഭിനയമികവ് തെളിയിച്ച യുവതാരങ്ങളും വീട്ടിലിരുന്ന് പടം പിടിച്ചതും അതിനനുസരിച്ച് പ്രമേയവും അവതരണവും യോജിപ്പിച്ചതും പിന്നീടത് ഓണം റിലീസായി തിയേറ്ററിലെത്തിച്ചതും വിപ്ലവമായിരുന്നു. ബിഗ് ബജറ്റിലും ചെറിയ ചെലവിലും നിർമിച്ച പല ചിത്രങ്ങളും ഒടിടിക്കല്ലാതെ, തിയേറ്ററുകൾക്കായി കാത്തുവെച്ചപ്പോൾ ഫഹദ് ഫാസിൽ എന്ന നടനെ ലോക്ക് ഡൗണിലും പുതിയ സിനിമയിലൂടെ പ്രേക്ഷകർ കണ്ടുമുട്ടി. അതിനാൽ തന്നെ, ഈ കടന്നുപോകുന്ന വർഷത്തിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സൂപ്പർതാരങ്ങൾക്കിടയിൽ ഒരാളായി മലയാളത്തിന്‍റെ ഫഹദും ഇടംപിടിച്ചു.
ഫഹദ് ഫാസിലിനെ കൂടാതെ, ഒടിടി റിലീസിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത മറ്റ് രണ്ട് താരങ്ങൾ ഹിന്ദി നടൻ പങ്കജ് ത്രിപാഠിയും ഗുജറാത്തി താരം പ്രതീക് ഗാന്ധിയുമാണ്. പങ്കജ് ത്രിപാഠി അഭിനയിച്ച ഹോളിവുഡ് ചിത്രം എക്‌സ്‌ട്രാക്ഷൻ, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ, ലുഡോ എന്നിവയും സേക്രഡ് ഗെയിംസ്, ക്രിമിനൽ ജസ്റ്റിസ്: ബിഹൈൻഡ് ക്ലോസ്‌ഡ് ഡോർസ് എന്നീ സീരീസുകളും ഒടിടി റിലീസുകളായിരുന്നു. സ്‌കാം 1992, ലവ് നി ലവ് സ്റ്റോറീസ് എന്നിങ്ങനെ പ്രതീക് ഗാന്ധിയുടെ ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഈ ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരിലേക്ക് എത്തിയതോടെ ഗുജറാത്തി നടനും 2020ലെ സൂപ്പർതാരമായി തിളങ്ങി.