നടൻ അനിൽ നെടുമങ്ങാടിന്‍റെ മരണവാർത്തയുടെ നടുക്കത്തിലാണ് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പ്രേക്ഷകരുമെല്ലാം. കഴിഞ്ഞ ദിവസമാണ് അനിൽ ഇടുക്കി മലങ്കര ഡാമിൽ മുങ്ങിമരിച്ചത്. ആ സംഭവത്തിന് സാക്ഷിയാകേണ്ടി വന്ന വേദനയുള്ള ഓർമ പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകൻ കൂടിയായ സോജൻ സ്വരാജ്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതീക്ഷ കുറവാണെന്ന് കൂട്ടം കൂടി നിന്ന ആളുകൾ പറഞ്ഞിരുന്നെങ്കിലും പാതിയടഞ്ഞ അദ്ദേഹത്തിന്‍റെ കണ്ണുകൾ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും സോജൻ പറഞ്ഞു.
"...അയ്യപ്പനും കോശിയും ചിത്രത്തിലെ അദ്ദേഹത്തിന്‍റെ സി.ഐ കഥാപാത്രം കോശിക്ക് 'ചാവാതിരിക്കാൻ' ഒരു ടിപ്പ് പറഞ്ഞു കൊടുത്തത് പോലെ അദ്ദേഹത്തിനും ജീവിക്കാൻ കാലം ഒരു ടിപ്പ് പറഞ്ഞു കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. മണിക്കൂറുകൾ കണ്ടതും ആസ്വദിച്ചതുമായ മലങ്കരയുടെ മനോഹാരിതയുമെല്ലാം മനസിൽ നിന്നും ഒരു നിമിഷം കൊണ്ട് ഡിലീറ്റ് ആയെങ്കിലും കൈകളിലെ അ തണുപ്പ് മാത്രം വിട്ടുമാറുന്നില്ല..." താനും മൂന്ന് സുഹൃത്തുക്കളും മലങ്കര ഡാം കാണാൻ പോയി ഒരു മരണത്തിന് സാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം മറക്കാനാവുന്നില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സോജൻ വിശദീകരിച്ചു.