മലയാളത്തിന്‍റെ നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മുപ്പത്തിയൊന്നാം ഓർമദിനമാണിന്ന്. അഭിനയത്തിന്‍റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്‍റെ കസ്‌തൂരി മണം വിടവാങ്ങിയത് 1989 ജനുവരി 16നായിരുന്നു. 1926 ഏപ്രിൽ ഏഴിന് ചിറയിൻകീഴിലാണ് പ്രേംനസീർ ജനിച്ചു. അബ്‌ദുള്‍ ഖാദര്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ പേര്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച പത്‌മഭൂഷൺ പ്രേം നസീർ നാടകനടനായാണ് തുടക്കം കുറിക്കുന്നത്. 1952ലിറങ്ങിയ മരുമകളിലൂടെ അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചു. വിശപ്പിന്‍റെ വിളി എന്ന ചിത്രത്തിന്‍റെ സെറ്റിൽ തിക്കുറിശ്ശിയാണ് അബ്‌ദുള്‍ ഖാദറിനെ നസീറാക്കി മാറ്റിയത്. പിന്നീട് 50കളുടെ തുടക്കം മുതൽ എൺപതുകൾ വരെ മലയാളസിനിമയിലെ സൂപ്പർതാരമായി പ്രേംനസീർ വളർന്നു.
നിത്യഹരിത നായകൻ ഓർമയായിട്ട് മുപ്പത്തിയൊന്ന് വർഷം - Prem Nazir
മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച പത്‌മഭൂഷൺ പ്രേം നസീർ മൂന്നുപതിറ്റാണ്ടുകൾക്കിപ്പുറവും മലയാളിക്ക് മറക്കാനാവാത്ത അഭിനയ വിസ്‌മയമാണ്
മുറപ്പെണ്ണ്, ഇരുട്ടിന്‍റെ ആത്മാവ്, നദി, അനുഭവങ്ങൾ പാളീച്ചകൾ, പടയോട്ടം, ധ്വനി തുടങ്ങിയ ചിത്രങ്ങളിലൂടെ പകരം വക്കാനാവാത്ത അഭിനയ പ്രതിഭയായി. നായകനും റൊമാന്‍റിക് ഹീറോയുമായി തിളങ്ങിയ താരം എൺപതുകൾക്ക് ശേഷം സ്വഭാവ നടനായും അഭിനയിച്ചിട്ടുണ്ട്. 720ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 130 ചിത്രങ്ങളിൽ ഒരേ നടി(ഷീല)ക്കൊപ്പം അഭിനയിച്ച നായകനെന്ന ഖ്യാതിയും പ്രേംനസീർ സ്വന്തമാക്കി. ഇങ്ങനെ രണ്ടു ഗിന്നസ് റെക്കോഡുകൾ നസീറിന്‍റെ പേരിൽ എഴുതചേർക്കപ്പെട്ടു. ഇതിനുപുറമെ പത്‌മഭൂഷൺ, പത്‌മശ്രീ അവാർഡുകൾ നൽകി മലയാളത്തിന്‍റെ നിത്യഹരിതനായകനെ രാജ്യം ആദരിച്ചു. മൂന്നുപതിറ്റാണ്ടുകൾക്കിപ്പുറവും മലയാളിക്ക് മറക്കാനാവാത്ത അഭിനയ വിസ്‌മയമാണ് പ്രേംനസീർ.