ലോസ് ഏഞ്ചൽസ്:കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ടെലിവിഷൻ സീരീസുകൾക്കുളള രാജ്യാന്തര പുരസ്കാരമാണ് എമ്മി പുരസ്‌കാരം. ജിമ്മി കിമ്മെൽ അവതാരകനായ പുരസ്‌കാര ചടങ്ങിൽ മത്സരാർഥികൾ അവരുവരുടെ വീടുകളിൽ നിന്നും ഓൺലൈനായി പങ്കുചേർന്നു.
ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ ഐ നോ ദിസ് മച്ച് ഓഫ് യൂവിലെ പ്രകടനത്തിന് മാർക്ക് റഫല്ലോയെയും വാച്ച് മെന്നിലെ പ്രകടനത്തിന് റജീന കിങ്ങിനെയും മികച്ച നടനും നടിയുമായി തെരഞ്ഞെടുത്തു.
ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ സഹതാരങ്ങളുടെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയത് വാച്ച്മെന്നിലൂടെ യാഹ്യ അബ്ദുൾ മതീനും മിസിസ് അമേരിക്കയിലൂടെ ഉസോ അബുദയുമാണ്. എച്ച്ബിഒയുടെ സസ്സെഷൻ ആണ് മികച്ച ഡ്രാമ സീരിസ്. 26 നോമിനേഷനുകളുമായി വാച്ച് മെന്‍ ചടങ്ങിൽ നേട്ടം കൊയ്യുന്നു.
കോമഡി വിഭാഗത്തില്‍ സിബിസി ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഷീറ്റ്സ് ക്രീക്കിലെ അഭിനേതാക്കളായ യൂജീൻ ലെവി, കാതറിൻ ഒ ഹാരയും മികച്ച നടനും നടിയുമായി പ്രഖ്യാപിച്ചു. ഇതേ വിഭാഗത്തിൽ സഹനടന്‍റെ പുരസ്‌കാരം ഡാൻ ലെവിക്കും സഹനടിക്കുള്ള പുരസ്‌കാരം ആനി മർഫിക്കും ലഭിച്ചു. ഷീറ്റ്സ് ക്രീക്കിലെ പ്രകടനത്തിലൂടെയാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്.
ഡ്രാമാ സീരീസ് വിഭാഗത്തിൽ ജെറെമി സ്ട്രോങ്ങും സെന്‍ഡായായുമാണ് മികച്ച നടനും നടിയും. ജെറെമിയുടെ നേട്ടം സസ്സെഷനിലൂടെയാണ്.
മികച്ച നടിയായി യുഫോറിയയിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സെന്‍ഡായാ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി കൂടിയാണ്.
ഒസാർക് സീരീസിലൂടെ മികച്ച സഹനടിയായ ജൂലിയ ഗാർനെറിനെയും ദ് മോർണിങ് ഷോയിലൂടെ മികച്ച സഹനടനായി ബില്ലി ക്രുഡപ്പിനെയും തെരഞ്ഞെടുത്തു. ലൊസാഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലാണ് 72-ാമത് പുരസ്കാര ദാന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പുരസ്‌കാര ചടങ്ങ് ഓൺലൈനാക്കുകയായിരുന്നു.