അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ.... വരികളില്‍ പ്രണയവും സംഗീതവും.. ആസ്വാദക ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്ന ആർദ്രത. മനസില്‍ നിന്ന് ദേവസംഗീതം മായുന്നില്ല. കാരണം അതൊരു മായാജാലമാണ്. ഈണങ്ങൾ കൊണ്ട് സൃഷ്ടിക്കുന്ന മാന്ത്രികത.... ദേവരാജൻ മാസ്റ്റർ... രാഗങ്ങളില്‍ വിസ്‌മയം സൃഷ്ടിച്ച സംഗീതജ്ഞന്‍റെ 96-ാം ജന്മവാർഷികമാണിന്ന്. പ്രണയവും വിരഹവും നർമവും വേദനയും സൗന്ദര്യവും ദേവരാജ സംഗീതത്തില്‍ ഭാവസാന്ദ്രം. സംഗീതം അനശ്വരമാകുമ്പോൾ സംഗീതജ്ഞൻ ഇതിഹാസമാകുന്നു. മലയാള സിനിമാ സംഗീതത്തിന്‍റെ വസന്തകാലമാണ് ദേവരാജൻ ഈണങ്ങളിലൂടെ സൃഷ്ടിച്ചത്. ശാസ്‌ത്രീയസംഗീതം നാടോടി പാട്ടുകളില്‍ ലയിപ്പിച്ച് മലയാളിയുടെ ആസ്വാദന സങ്കൽപങ്ങൾക്ക് മാസ്റ്റർ പുതിയ രാഗവും ഭാവവും നല്‍കി.
1924 സെപ്റ്റംബർ 27ന് കൊല്ലം ജില്ലയിലെ പരവൂരിൽ ജനിച്ചു. പരവൂർ ഗോവിന്ദൻ ദേവരാജൻ എന്ന് പൂർണനാമം. മൃദംഗ വിദ്വാനായിരുന്ന കൊച്ചുഗോവിന്ദനാശാൻ- കൊച്ചുകുഞ്ഞ് എന്നിവരാണ് മാതാപിതാക്കൾ. അച്ഛന്‍റെ ശിഷ്യണത്തിൽ സംഗീതത്തെ ഹൃദയത്തിലേറ്റിയ ദേവരാജൻ പതിനെട്ടാം വയസിൽ കച്ചേരിയിൽ അരങ്ങേറ്റം കുറിച്ചു. അന്ന് തിരുവിതാംകൂറിൽ റേഡിയോ നിലയങ്ങളില്ലാതിരുന്നതിനാൽ, ഇന്ന് തിരുച്ചിറപ്പള്ളി എന്നറിയപ്പെടുന്ന തൃശ്ശിനാപ്പളളി റേഡിയോ നിലയത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതക്കച്ചേരികൾ പ്രക്ഷേപണം ചെയ്‌തിരുന്നത്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പള്ളി... കവി ഹൃദയങ്ങളിൽ നിന്നുള്ള വരികൾക്ക് ഈണം നൽകി ദേവരാജൻ മാസ്റ്റർ അവതരിപ്പിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വിപ്ലവഗാനങ്ങളിലേക്കും കെപിഎസിയിലൂടെ നാടകഗാനങ്ങളിലേക്കും...
തോപ്പിൽ ഭാസി രചിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിലെ ഗാനങ്ങൾ ദേവരാജൻ മാസ്റ്ററുടെ ജീവിതത്തില്‍ വഴിത്തിരിവായി. കെപിഎസി വിട്ട ശേഷം കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി രൂപം നൽകാൻ മുൻകൈയെടുത്തു.
ആ സമയം, മലയാളസിനിമാ ഗാനങ്ങൾ മാറ്റത്തിന്‍റെ ദിശ തേടുകയായിരുന്നു. 1955ന് ശേഷം. കാലം മാറുന്നു എന്ന ചിത്രത്തിലൂടെ ആദ്യമായി സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്റർ വയലാറിനൊപ്പം ചേർന്നത് ചരിത്രത്തിന്‍റെ ഭാഗം. 1959ല്‍ ചതുരംഗത്തില്‍ വയലാറിന്‍റെ ഗാനങ്ങൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നല്‍കുന്നു. ആ സംഗീതം മലയാളി ഹൃദയത്തിലാണ് സ്വീകരിച്ചത്.
കവി സംഗീതം മനസ്സിൽ സൂക്ഷിക്കുകയും സംഗീതജ്ഞൻ കവിത മനസ്സിൽ സൂക്ഷിക്കുകയും ചെയ്തപ്പോൾ 121ഓളം ഗാനങ്ങളാണ് ഇരുവരും ചേർന്ന് മലയാള സിനിമക്ക് സമ്മാനിച്ചത്. വരികളില്‍ നിന്ന് സംഗീതം സൗരഭ്യമായി നിറഞ്ഞൊഴുകുകയായിരുന്നു.
ദേവരാജൻ മാസ്റ്ററും വയലാറും യേശുദാസും ചേരുമ്പോൾ മലയാള സിനിമാ സംഗീതത്തിന് ഇന്നോളം ലഭ്യമാകാത്ത ഓർമയില്‍ മായാത്ത സുന്ദര സംഗീതം. മണ്ണും മനുഷ്യനും പ്രകൃതിയും പ്രണയവും സമന്വയിപ്പിച്ച് വയലാർ വരികളെഴുതി. രാഗങ്ങളെ ഹൃദയം കൊണ്ട് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തി. ഗാനഗന്ധർവൻ മനസ് അർപ്പിച്ച് പാടുമ്പോൾ ആസ്വാദകർക്ക് ഇന്നും ആ സംഗീതം അനശ്വരമാണ്. മോഹനരാഗത്തില്‍ നാടൻ പാട്ടുകളും കർണാടക സംഗീതവും ഹിന്ദുസ്ഥാനി ഗാനവും ലയിപ്പിച്ചുള്ള സംഗീതവും പാശ്ചാത്യ സംഗീതത്തിന്‍റെ വൈവിധ്യം കലർത്തിയുള്ള രാഗങ്ങളും ദേവസംഗീതമായി മലയാളസിനിമയിലേക്ക് നിറഞ്ഞൊഴുകി.
ഭാവ സംഗീതം മാത്രമല്ല, "കേളടി നിന്നെ ഞാൻ കെട്ടുന്ന നേരത്ത്..." എന്നതു പോലെ നർമം നിറച്ച് ഒരു ഗാനത്തിൽ അവതരിപ്പിക്കുമ്പോഴും ആസ്വാദകനെ അത്ഭുതപ്പെടുത്തുന്ന സംഗീത മികവായിരുന്നു ദേവരാജൻ മാസ്റ്റർക്ക്. ഒ.എൻ.വിയുടെയും ശ്രീകുമാരൻ തമ്പിയുടെയും പി. ഭാസ്‌കരന്‍റെയും യൂസഫലി കേച്ചേരിയുടെയും വയലാർ ശരത്ചന്ദ്ര വർമയുടെയും ആദ്യ ഗാനരചനക്കും തന്ത്രികൾ മീട്ടിയ മാസ്റ്റർ മുന്നൂറിലധികം മലയാള ചലച്ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങൾക്ക് ജന്മം നല്‍കി. തമിഴ്, കന്നഡ അടക്കം തെന്നിന്ത്യൻ ഭാഷകളിൽ 25 ഓളം ഗാനങ്ങളും.