പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിത കഥയെ ആസ്‌പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പ്. കൊവിഡ് മഹാമാരിയില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തുമെന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ കുറുപ്പിന്‍റെ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. (Dulquer Salmaan`s Kurup to hit theatre in November 12)
സംസ്‌ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന തിയേറ്ററുകളെല്ലാം തിങ്കളാഴ്ച്ച മുതല്‍ തുറക്കും. തിയേറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിനോദ നികുതിയില്‍ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്‌സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചത്.
തിയേറ്റര്‍ തുറക്കുന്ന സാഹചര്യത്തില്‍ ആദ്യ പ്രധാന റിലീസായെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പാണ്. നവംബര്‍ 12നാകും ചിത്രം റിലീസിനെത്തുക. ഒടിടിയില്‍ റിലീസ് ചെയ്യാനിരിക്കവെയായിരുന്നു ചിത്രത്തിന്‍റെ റിലീസ് തിയേറ്ററിലേയ്ക്ക് മാറ്റിയത്.
ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍റ് ഷോയുടെ സംവിധായകന്‍ കൂടിയാണ് ശ്രീനാഥ് രാജേന്ദ്രന്‍. ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയാണിത്. 35 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. സുകുമാരക്കുറുപ്പിന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൂടാതെ സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.