തങ്ങളുടെ രാജകുമാരിയുടെ പിറന്നാൾ ദിവസം. സ്വയം നടക്കാനും ചാടാനും കഥകൾ പറയാനുമൊക്കെ കഴിയുന്ന വലിയ കുട്ടിയായെന്ന ഒരു അച്ഛന്‍റെ തിരിച്ചറിവാണ് മറിയത്തിന്‍റെ മൂന്നാം ജന്മദിനത്തിൽ മലയാളത്തിന്‍റ യുവതാരം ദുൽഖർ സൽമാൻ പങ്കുവക്കുന്നത്.
മറിയത്തിന്‍റെ മൂന്നാം പിറന്നാൾ, ദുല്‍ഖറിന്‍റെ ഹൃദയസ്‌പർശിയായ കുറിപ്പ് - mariyam
സ്വയം നടക്കാനും ചാടാനും കഥകൾ പറയാനുമൊക്കെ കഴിയുന്ന വലിയ കുട്ടിയായെന്ന ഒരു അച്ഛന്‍റെ തിരിച്ചറിവാണ് മറിയത്തിന്‍റെ മൂന്നാം ജന്മദിനത്തിൽ മലയാളത്തിന്‍റ യുവതാരം ദുൽഖർ സൽമാൻ പങ്കുവക്കുന്നത്
"പ്രിയപ്പെട്ട മാരിക്ക് സന്തോഷകരമായ പിറന്നാൾ ആശംസകൾ. നിന്‍റെ പ്രായത്തിലെത്താൻ ഞങ്ങൾ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നീ പറയുന്നു, ഞാൻ ഇപ്പോൾ വലിയ പെൺകുട്ടിയാണ്. ചിലപ്പോൾ ശരിയാകാം. നീ അതിവേഗം വളരുകയാണ്, വാക്കുകളെല്ലാം പൂർണമാക്കി പറയുന്നുണ്ട്. മൂന്ന് വയസുള്ള നീ വലിയ പെൺകുട്ടി തന്നെ. രാജകുമാരിയുടെ കുപ്പായത്തിൽ കളിച്ചു രസിച്ച്, സ്വന്തമായി കളികൾ സൃഷ്ടിക്കുന്ന, ഞങ്ങളോട് കഥകൾ പറയുന്ന, തനിയെ നടക്കാനും ഓടാനും ചാടാനും പഠിച്ച ഒരു വലിയ കുട്ടിയാണ് നീയിപ്പോൾ. പ്രിയപ്പെട്ട മാരീ, നീ വേഗത കുറയ്ക്കൂ, ഒരു കുഞ്ഞായി തന്നെ ഇരിക്കൂ. ഞങ്ങൾ നിന്നെ ആദ്യമായി കണ്ട ദിവസം പോലെ, നിന്‍റെ ആദ്യ കരച്ചിൽ കേട്ട, ആദ്യമായി നിന്നെ കൈയിലേക്ക് വാങ്ങിയ ദിവസം പോലെ… ഞങ്ങൾക്ക് മതിയായിട്ടില്ല, നീ ഞങ്ങളുടെ കൊച്ചുകുഞ്ഞായി തന്നെയിരിക്കുക. നീ വലിയ കുട്ടിയായെന്ന് ലോകം പറയുമ്പോഴും തിരക്കുകൂട്ടരുത്, പ്രിയ മാരി," ദുൽഖർ കുറിച്ചു.
പ്രിയ സുഹൃത്തുക്കളായ ദുൽഖറിന്‍റെയും ഭാര്യ അമാലിന്‍റെയും മകൾക്ക്, പ്രിയപ്പെട്ട കുഞ്ഞുമറിയത്തിന് നസ്രിയ നസീമും ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്. മറിയത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്, "മമ്മുവിന് പിറന്നാൾ ആശംസകൾ. നച്ചു മാമിക്ക് നിന്‍റെ മനോഹരമായ മുഖം കാണാതെയിരിക്കാൻ സാധിക്കുന്നില്ല," എന്നാണ്.