തമിഴ് പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ - Dulquer Salmaan sings his first Tamil song
ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ തമിഴ് ചിത്രമായ ഹേയ് സിനാമികയ്‌ക്ക് വേണ്ടിയാണ് താരം പാടുന്നത്. അതിഥി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍
ദുല്‍ഖര്‍ സല്‍മാന്‍ ഒരു അഭിനേതാവ് എന്നതിലുപരി നല്ലൊരു ഗായകന്‍ കൂടിയാണ്. ഇതിനോടകം നിരവധി സിനിമകളില്‍ താരം ഗാനം ആലപിക്കുകയും ചെയ്‌തു. ഇപ്പോള്‍ മലയാള പിന്നണി ഗാനരംഗത്ത് നിന്നും തമിഴ് പിന്നണി ഗാനരംഗത്തേക്ക് ചേക്കേറിയിരിക്കുകയാണ് കുഞ്ഞിക്ക. താരത്തിന്‍റെ പുതിയ തമിഴ് ചിത്രമായ ഹേയ് സിനാമികയ്‌ക്ക് വേണ്ടിയാണ് ദുല്‍ഖര്‍ പാടുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. 'എന്‍റെ പ്രിയപ്പെട്ട സിനിമയായ ഹേ സിനാമികയിലൂടെ ആദ്യമായി ഞാന്‍ തമിഴ് പാട്ട് പാടി' എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നത്. പാട്ട് റെക്കോഡ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഹേ സിനാമിക. വാരണം ആയിരം, മാന്‍ കരാട്ടെ, തെറി തുടങ്ങി ഒട്ടനവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് നൃത്തം ഒരുക്കിയത് ബൃദ്ധയാണ്. അതിഥി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. ഗോവിന്ദ് വസന്ത ചിത്രത്തിനായി സംഗീതം നല്‍കുന്നു. ചിത്രം മലയാളത്തിലും, തമിഴിലുമായി റിലീസ് ചെയ്യും. സല്യൂട്ട്, കുറുപ്പ് തുടങ്ങിയവയാണ് ദുല്‍ഖറിന്‍റെതായി റിലീസിന് തയ്യാറെടുക്കുന്ന മറ്റ് സിനിമകള്‍.