പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും. ഇക്കാര്യം ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
നിങ്ങള്‍ ട്രെയ്‌ലര്‍ കാണുന്നത് കാണാന്‍ കാത്തിരിക്കാന്‍ വയ്യ എന്ന അടിക്കുറുപ്പോടു കൂടിയാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'നാളെ കുറുപ്പ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്ന് സന്തോഷപൂര്‍വം അറിയിക്കുന്നു. നിങ്ങളിത് കാണുന്നത് കാണാന്‍ കാത്തിരിക്കാന്‍ വയ്യ'.- ദുല്‍ഖര്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. 'പകലിരവുകള്‍' എന്ന ഗാനം പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. പുറത്തിറങ്ങി ഒരു ദിവസം തികയും മുമ്പേ ഒരു മില്യണ്‍ ആളുകളാണ് ഗാനം കണ്ടത്. ഇതിന് പിന്നാലെയാണ് നാളെ ട്രെയ്‌ലറും ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. ഗാനം സ്വീകരിച്ച പ്രേക്ഷകര്‍ ട്രെയ്‌ലറും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.
കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടുപോയ ചിത്രം നവംബര്‍ 12നാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഒടിടി റിലീസ് വേണ്ടെന്നുവച്ച് തിയേറ്റര്‍ റിലീസിന് തിരഞ്ഞെടുത്ത ചിത്രത്തിന് മികച്ച വരവേല്‍പ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് ആരാധകരും തിയേറ്റര്‍ ഉടമകളും.
കേരളത്തില്‍ മാത്രം 400 ലേറെ തിയേറ്ററുകളിലാണ് കുറിപ്പ് പ്രദര്‍ശനത്തിനെത്തുക. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. കേരളം, മുംബൈ, അഹമ്മദാബാദ്. ദുബായ് എന്നിവിടങ്ങളിലായി ആറ് മാസമായിരുന്നു ചിത്രീകരണം.