ദുൽഖറിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് സിനിമകളുടെ വിശേഷങ്ങളാണ് തന്‍റെ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാൻ പങ്കുവച്ചത്. നേരത്തെ പ്രഖ്യാപനം നടന്ന, പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പ്, റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് എന്നിവ അടക്കം അഞ്ച് ചിത്രങ്ങളാണ് ദുൽഖർ പ്രഖ്യാപിച്ചത്.
സൗബിൻ ഷാഹിറിന്‍റെ രണ്ടാമത്തെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഓതിരം കടകം, കിങ്ങ് ഓഫ് കൊത്ത, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന നിലവിൽ പേരിട്ടിട്ടില്ലാത്ത ചിത്രം എന്നിവയാണ് ദുൽഖറിന്‍റെ മറ്റു മൂന്ന് സിനിമകൾ.
വരുന്നു കുറുപ്പ്
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമായ കുറുപ്പ് ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. 35 കോടിയാണ് ചിത്രത്തിന്‍റെ മുതൽമുടക്ക്. ദുൽഖറിന്‍റെ ആദ്യ സിനിമയായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണെന്നും ഉടൻതന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ദുൽഖർ അറിയിച്ചത്. ഇതിനുമുൻപ് ഇറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
പൊലീസാകാൻ ദുല്‍ഖർ
ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് റോഷൻ ആൻഡ്രൂസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന സല്യൂട്ട്. ചിത്രത്തിന്‍റെ ചിത്രീകരണം ഈയടുത്താണ് പൂർത്തിയായത്. ചിത്രത്തിന്‍റെ മുൻ പോസ്റ്ററിൽ നിന്ന് വ്യത്യസ്തമായി ദുൽഖറിന്‍റെ മുഖം മാത്രമുള്ള പുതിയ പോസ്റ്റർ താരം പുറത്തുവിട്ടു.