മുപ്പത്തിമൂന്നാം പിറന്നാളിന്‍റെ നിറവിലാണ് മലയാളത്തിന്‍റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. ജൂലൈ 28 ആണ് താരത്തിന്‍റെ ജന്മദിനം. പിറന്നാള്‍ ദിനത്തില്‍ സിനിമാലോകത്തുനിന്നും ആരാധകരില്‍ നിന്നുമായി നിരവധി ആശംസകളാണ് താരത്തെ തേടിയെത്തിയത്.
മഹാനടിയില്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ ബോളിവുഡില്‍ നിന്നടക്കം കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ എത്തി. പിറന്നാള്‍ ദിനം കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങള്‍ വഴി നിലയ്ക്കാത്ത ആശംസ പ്രവാഹമാണ്. ചലച്ചിത്ര താരങ്ങളായ അനു സിതാര, സംയുക്ത മേനോന്‍, ഉണ്ണി മുകുന്ദന്‍, ആന്‍റണി പെപ്പ, പേളി മാണി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, ബോളിവുഡ് സുന്ദരി സോനം കപൂര്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
2012ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍റെ സിനിമ പ്രവേശനം. അതിനുശേഷം അഞ്ജലി മേനോന്‍റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ദുല്‍ഖറെന്ന നടനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തി. ചിത്രത്തിന് ലഭിച്ച ജനപ്രീതി ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍റെ ജനപ്രീതിയും വര്‍ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ദുല്‍ഖറിന് ചാര്‍ലിയിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുല്‍ഖര്‍ ഇതിനോടകം അഭിനയിച്ചിരിക്കുന്നത്.
ഹിന്ദി ചിത്രം ദി സോയാ ഫാക്ടര്‍ പോസ്റ്റര്‍
വായ് മൂടി പേസുവാ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാളവും കടന്ന് തമിഴകത്തെത്തി. നസ്രിയ നസിം നായികയായി അഭിനയിച്ച ഈ ചിത്രം സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ഓകെ കണ്‍മണി എന്ന മണിരത്‌നം ചിത്രമാണ് തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യന്‍ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ മഹാനടി എന്ന ചിത്രത്തില്‍ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുല്‍ഖര്‍ തെലുങ്ക് സിനിമാ ലോകത്തിന്‍റെയും ഹൃദയം കവര്‍ന്നു. കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രം ദി സോയാ ഫാക്ടര്‍ റിലീസിന് ഒരുങ്ങുകയാണിപ്പോള്‍.
കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ പോസ്റ്റര്‍
അഭിനയത്തിന് പുറമെ നിര്‍മാണത്തിലേക്കും കടന്ന ദുല്‍ഖറിന്‍റെ ആദ്യ നിര്‍മാണ സംരഭം ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഗ്രിഗറി ജേക്കബ് ആണ് ചിത്രത്തില്‍ നായകന്‍. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനുപമ പരമേശ്വരന്‍, അനു സിതാര എന്നിവര്‍ നായികമാരായി എത്തുന്നു. 2019 ന്‍റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. താരത്തിന്‍റെ പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ ട്രെയിലര്‍ ഡിക്യുവിനുള്ള പിറന്നാള്‍ സമ്മാനമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.