ദൃശ്യം 2 ഒടിടി റിലീസ് വിജയകരമായതിന് പിന്നിൽ ഡിജിറ്റല്‍ ഇന്ത്യയെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. 2016ലെ നോട്ട് നിരോധനവും ഡിജിറ്റൽ ബാങ്കിങ് ട്രാൻസാക്ഷനിലെ വർധനവുമാണ് ദൃശ്യം 2വിന്‍റെ ഒടിടി റിലീസിന് സഹായിച്ചതെന്നും ബിജെപി നേതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. "ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ. മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും. ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കൊവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്‍റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്," സന്ദീപ് വാര്യർ പോസ്റ്റിൽ കുറിച്ചു.
-
ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ . മലയാള...
Posted by Sandeep.G.Varier on Friday, 19 February 2021
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന് രൂക്ഷ വിമര്‍ശനവും ട്രോളുകളുമാണ് കമന്‍റ് ബോക്സിൽ നിറയുന്നത്. ദൃശ്യം 2 ഒടിടി ലക്ഷ്യം വച്ച് നോട്ട് നിരോധിച്ച മോദി മഹാപ്രതിഭയാണെന്ന് ചിലർ പരിഹസിച്ചു. നോട്ട് നിരോധനത്തെ വെള്ള പൂശാനുള്ള വ്യഗ്രതയാണിതെന്നും ഹോളിവുഡ് സിനിമകൾ ഡിജിറ്റൽ റിലീസിനെത്തിയത് ആ നാട്ടിൽ നോട്ട് നിരോധനം നടത്തിയതുകൊണ്ടാണോ എന്നും കമന്‍റ് ബോക്സിൽ പ്രതികരണം നിറഞ്ഞു.