സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 2. വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്‌ത സിനിമയുടെ രണ്ടാം ഭാഗം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വരുന്നത്. ജോര്‍ജുകുട്ടിക്കും കുടുംബത്തിനും നിര്‍ഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്നങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം പറഞ്ഞത്. പുതുവത്സരദിനത്തില്‍ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും ഭാവി ഇരിക്കുന്ന രാജാക്കാട് പൊലീസ് സ്റ്റേഷനടക്കം ടീസറില്‍ വരുന്നുണ്ട്. ഒരു മിനിറ്റും പതിനെട്ട് സെക്കന്‍റും മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് രണ്ടാം ഭാഗത്തെ കുറിച്ച് ഒന്നും പ്രവചിക്കാന്‍ പ്രേക്ഷകന് സാധിക്കില്ല. ജോര്‍ജുകുട്ടിക്കും കുടുംബത്തിനും മാത്രം അറിയാവുന്ന ആ രഹസ്യം പുറം ലോകം അറിയുമോ ഇല്ലയോ എന്ന ആകാംഷ ടീസറില്‍ നിലനിര്‍ത്തിയിട്ടുണ്ട് സംവിധായകന്‍.