മലയാളത്തിന് മറക്കാനാവാത്ത ത്രില്ലിങ് ഫീൽ നൽകിയ ജീത്തു ജോസഫിന്‍റെ ദൃശ്യത്തിന്‍റെ രണ്ടാം പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. പുതുവത്സരദിനത്തിൽ ടീസർ റിലീസ് ചെയ്തുകൊണ്ട് ദൃശ്യം2വിന്‍റെ വരവ് അണിയറപ്രവർത്തകർ പങ്കുവെക്കുകയും ചെയ്‌തു. ഫെബ്രുവരി 19നാണ് ജോർജ്ജൂട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക് എത്തുന്നത്.
കുടുംബമാണ് എല്ലാം; ജോർജ്ജൂട്ടിയുടെയും കുടുംബത്തിന്‍റെയും പുതിയ സ്റ്റിൽ എത്തി - drishyam 2 georgootty and family photo news
ജോർജ്ജൂട്ടി കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ ട്വിറ്ററിൽ പങ്കുവെച്ചത്. ഈ മാസം 19നാണ് ദൃശ്യം 2 ഒടിടി റിലീസിനെത്തുന്നത്.
വരുണിന്‍റെ കൊലപാതകത്തിന്‍റെ ചുവടുപിടിച്ചാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്‍റെ പ്രോമോയും ടീസറും നൽകുന്ന സൂചന. ഇപ്പോഴിതാ, ദൃശ്യം2വിൽ നിന്നുള്ള പുതിയ കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഒപ്പം, "കുടുംബമാണ് എല്ലാം," എന്ന കാപ്‌ഷനും ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്. ജോർജ്ജൂട്ടിയും ഭാര്യ റാണിയും മക്കൾ അഞ്ജുവും അനുവും ഒന്നിച്ചുള്ള ചിത്രമാണ് ട്വിറ്ററിൽ മോഹൻലാൽ പങ്കുവെച്ചത്.
ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ താരങ്ങൾക്കൊപ്പം മുരളി ഗോപി, ഗണേഷ് കുമാര്‍, സായ്‍കുമാര്‍ എന്നിവരും ദൃശ്യം2വിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എസ് വിനായക് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ സതീഷ് കുറുപ്പാണ്. ആമസോൺ പ്രൈമിലൂടെ ഈ മാസം 19നാണ് ദൃശ്യം 2 പ്രദർശനത്തിനെത്തുന്നത്.