മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് വിനയന്‍. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്‍റെ പേരില്‍ സിനിമാമേഖലയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സംവിധായകന്‍. വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തനിക്ക് നീതി കിട്ടിയെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിനയന് സിനിമയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവെച്ച് കൊണ്ടുള്ള ഉത്തരവിന്‍റെ പകര്‍പ്പും വിനയന്‍ ഒപ്പം പങ്കുവെച്ചിട്ടുണ്ട്. വിലക്ക് നീങ്ങിയതോടെ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ പിഴ അടക്കേണ്ടി വരുമെന്നും വിനയന്‍ കുറിപ്പില്‍ പറയുന്നു.
'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മലയാള സിനിമാരംഗത്തെ നീതിക്ക് വേണ്ടിയുള്ള എന്‍റെ പോരാട്ടത്തിന് വീണ്ടും ഒരു അംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്‍റെ സന്തോഷം എന്‍റെ സുഹൃത്തുക്കളോടൊപ്പം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മലയാള സിനിമാ സംഘടനകളായ ഫെഫ്കക്കും അമ്മക്കും അതിന്‍റെ ഭാരവാഹികള്‍ക്കും എതിരെ ലക്ഷക്കണക്കിന് രൂപയുടെ ഫൈന്‍ ചുമത്തിക്കൊണ്ട്, അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിന്‍റെയും പേരില്‍ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാന്‍ നടത്തിയ ഹീനമായ ശ്രമങ്ങള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ?