നടൻ കൈലാഷിനെ അധിക്ഷേപിച്ചുകൊണ്ടുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി സംവിധായകൻ എ.വി ശ്രീകുമാറും നടൻ അപ്പാനി ശരത്തും. വിനോദ് ഗുരുവായൂരിന്‍റെ സംവിധാനത്തിൽ അപ്പാനി ശരത്തിനെ നായകനാക്കി ഒരുക്കുന്ന മിഷന്‍ സി എന്ന ചിത്രത്തിലെ കൈലാഷിന്‍റെ ക്യാരക്ടർ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിനെതിരെ ട്രോളുകൾ പ്രചരിച്ചത്. കൈലാഷിന്‍റെ പഴയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ആക്രമണം.
എന്നാൽ, ഇത്തരം അതിക്രമങ്ങൾ മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ പറഞ്ഞു. ഒടിയനിലെ വേഷം കയ്യടക്കത്തോടെ ചെയ്ത കൈലാഷിന്‍റെ കഴിവ് താൻ തിരിച്ചറിഞ്ഞതാണെന്നും ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് അദ്ദേഹം മലയാള സിനിമയിൽ നിൽക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. സൈബർ ആക്രമണം നടത്തുന്ന പ്രത്യേകതരം മാനസികാവസ്ഥയുള്ള ചെറുകൂട്ടം ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.
മിഷൻ സിയിലെ തന്‍റെ സഹതാരത്തിന് പിന്തുണ അറിയിച്ച് നടൻ അപ്പാനി ശരത്തും രംഗത്തെത്തിയിരുന്നു. കഠിനാധ്വാനം ചെയ്യുന്ന, അർപ്പണ ബോധമുള്ള നടനാണ് കൈലാഷെന്നും പെർഫെക്ഷന് വേണ്ടി ഡ്യൂപ്പിനെ ഉപയോഗിക്കാതെ സാഹസിക രംഗങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം വിശദമാക്കി. അയാളും ഒരു നടനാണെന്നും അതിനുപരി മനുഷ്യനാണെന്നും ശരത് ഓർമിപ്പിച്ചു.
രസകരമായ ട്രോളുകൾ പോലെയല്ല, കൈലാഷിനെതിരെ അതിനുമപ്പുറത്തേക്ക് തരംതാണതും ക്രൂരവുമായ വ്യക്ത്യധിക്ഷേപമാണെന്ന അപ്പാനി ശരത്തിന്‍റെ അഭിപ്രായത്തെ പിന്തുണച്ച് ആരാധകരും കമന്‍റിടുന്നുണ്ട്.