ഓസ്‌കർ പുരസ്‌കാരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ജല്ലിക്കട്ടിനെ പ്രശംസിച്ച് തമിഴ് സംവിധായകൻ ഷങ്കർ. താന്‍ ഈയിടെ ആസ്വദിച്ച ചിത്രങ്ങളിൽ ഒന്നായ ജല്ലിക്കട്ട് ചിത്രത്തിൽ തന്നെ ആകർഷിച്ചതെന്തെന്ന് സംവിധായകൻ വ്യക്തമാക്കി.
സവിശേഷവും വളരെ വ്യത്യസ്‌തവുമായ പശ്ചാത്തല സംഗീതമാണ് ജല്ലിക്കട്ടിൽ പ്രശസ്‌ത സംവിധായകന് കൂടുതൽ ആകർഷണീയമായി തോന്നിയത്. പശ്ചാത്തല സംഗീതമൊരുക്കിയ പ്രശാന്ത് പിള്ളയെയും ഷങ്കർ പ്രശംസിച്ചു. സൂരരൈ പോട്ര്, അന്ധകാരം തുടങ്ങിയ ചിത്രങ്ങളിൽ താൻ ആസ്വദിച്ച ഘടകമെന്തെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
"അടുത്തിടെ ആസ്വദിച്ചത്..
സൂരരൈ പോട്ര് സിനിമ, ജി.വി പ്രകാശിന്‍റെ ആത്മാവുള്ള സംഗീതം. 'അന്ധകാര'ത്തിലെ എഡ്‍വിന്‍ സകായ്‍യുടെ അത്യുഗ്ര ഛായാഗ്രഹണം. മലയാളചിത്രം ജല്ലിക്കട്ടിൽ പ്രശാന്ത് പിള്ള ഒരുക്കിയ സവിശേഷവും വളരെ വ്യത്യസ്തവുമായ സംഗീതം," എന്ന് ഷങ്കർ ട്വീറ്റ് ചെയ്‌തു.
ജെന്‍റിൽമാൻ, കാതലൻ, ഇന്ത്യൻ, ബോയ്‌സ്, ജീൻസ്, അന്യൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ തമിഴകത്ത് പ്രശസ്‌തനായ സംവിധായകന്‍ ഷങ്കറിന്‍റെ പുതിയതായി ഒരുങ്ങുന്ന ചിത്രം കമൽ ഹാസന്‍റെ ഇന്ത്യൻ 2വാണ്.
കഴിഞ്ഞ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ഐഎഫ്എഫ്ഐ അവാർഡും ലിജോ ജോസ് പെല്ലിശ്ശേരിക്ക് നേടിക്കൊടുത്ത ചിത്രമാണ് ജല്ലിക്കട്ട്. നവംബർ 25നായിരുന്നു മലയാളചിത്രം ഓസ്‌കർ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തുവെന്ന വാർത്ത പുറത്തുവന്നത്.