കേരളം

kerala

ETV Bharat / sitara

മലയാള സിനിമയുടെ ആകാശം തുറന്ന് കിടക്കുന്നു, നിനക്ക് ഇനി പറക്കാം

ഹെലനില്‍ അന്ന ബെന്നിന്‍റെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ടാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്നോട്ടുള്ള അഭിനയ ജീവിതത്തിന് ആശംസകളും നേര്‍ന്നിട്ടുണ്ട് മലയാളികളുടെ പ്രിയ സംവിധായകന്‍

മലയാള സിനിമയുടെ ആകാശം തുറന്ന് കിടക്കുന്നു, നിനക്ക് ഇനി പറക്കാം; അന്നക്ക് ആശംസകളുമായി സത്യന്‍ അന്തിക്കാട്

By

Published : Nov 21, 2019, 8:24 PM IST

Updated : Nov 22, 2019, 4:33 PM IST

അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികളുടെ മനസില്‍ ഇരുപ്പുറപ്പിച്ച അന്നാ ബെന്‍ ടൈറ്റില്‍ റോളിലെത്തിയ 'ഹെലന്‍' തീയേറ്ററുകളിലെത്തിയപ്പോള്‍ മുതല്‍ അഭിനേതാക്കള്‍ക്കും സംവിധായകനും ആശംസാപ്രവാഹമാണ്. ഇപ്പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയ അന്ന ബെന്നിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 'ഹെലന്‍' എന്ന സിനിമ കണ്ട് തീര്‍ന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റില്‍ നിന്നെഴുന്നേല്‍ക്കാന്‍ തോന്നിയില്ലെന്നും അത്രയേറെ അന്ന തന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നില്‍ തുറന്ന് കിടക്കുന്നുവെന്നും സത്യന്‍ അന്തക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

'ആഹ്ളാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം...'ഹെലൻ' എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു. അന്ന ബെൻ.. ബെന്നി പി നായരമ്പലത്തിന്‍റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ദിയുണ്ടെന്ന്. 'കുമ്പളങ്ങി നൈറ്റ്സ്' കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്. ഹെലനിൽ അഭിനയത്തിന്‍റെ പൂർണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക്. ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു. ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും. വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവര്‍ത്തകർക്കും അഭിനന്ദനങ്ങൾ'.

സത്യന്‍ അന്തിക്കാടിന്‍റെ ആശംസക്ക് നന്ദി അറിയിച്ച് അന്നയും രംഗത്തെത്തിയിട്ടുണ്ട്. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആനന്ദത്തിന് ശേഷം വിനീത് നിര്‍മിച്ച ചിത്രം കൂടിയാണ് ഹെലന്‍. ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Last Updated : Nov 22, 2019, 4:33 PM IST

ABOUT THE AUTHOR

...view details