കേരളം

kerala

ETV Bharat / sitara

'വെള്ളം' ആസ്വദിക്കാന്‍ തിയേറ്ററില്‍ വരണം, ഒടിടി ശരിയാകില്ലെന്ന് പ്രജേഷ് സെന്‍ - സംവിധായകന്‍ പ്രജേഷ് സെന്‍

വെള്ളം തിയേറ്ററില്‍ ഇരുന്ന് ആസ്വദിക്കേണ്ട സിനിമയാണെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ വെള്ളം ആസ്വദിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇളവുകള്‍ക്ക് അനുസരിച്ച് തിയേറ്ററില്‍ മാത്രമെ വെള്ളം റിലീസ് ചെയ്യുകയുള്ളൂവെന്നും പ്രജേഷ് സെന്‍

Vellam movie  prajesh sen latest news  prajesh sen instagram post  ജയസൂര്യ സിനിമ വെള്ളം  സംവിധായകന്‍ പ്രജേഷ് സെന്‍  മലയാള സിനിമ വെള്ളം
'വെള്ളം' ആസ്വദിക്കാന്‍ തിയേറ്ററില്‍ വരണം, ഒടിടി ശരിയാകില്ലെന്ന് പ്രജേഷ് സെന്‍

By

Published : Sep 16, 2020, 3:36 PM IST

എറണാകുളം: വി.പി സത്യൻ എന്ന ഇന്ത്യൻ ഫുട്ബോൾ താരത്തിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി 2018ൽ ഒരുങ്ങിയ ക്യാപ്റ്റൻ സിനിമയ്ക്ക് ശേഷം നടൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. കണ്ണൂരുകാരനായ ഒരു മദ്യപാനിയുടെ യഥാർഥ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയിൽ ജയസൂര്യയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. വെള്ളം തിയേറ്ററില്‍ ഇരുന്ന് ആസ്വദിക്കേണ്ട സിനിമയാണെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ വെള്ളം ആസ്വദിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇളവുകള്‍ക്ക് അനുസരിച്ച് തിയേറ്ററില്‍ മാത്രമെ വെള്ളം റിലീസ് ചെയ്യുകയുള്ളൂവെന്നും പ്രജേഷ് സെന്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പ്രജേഷ് സെന്‍ അറിയിച്ചത്.

'വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്.... വെള്ളം എന്തായി? എന്നാണ് റിലീസ്? ഒടിടി നോക്കുന്നുണ്ടോ? എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ, സിനിമാ പ്രേമികളേ... നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോൾ മുതൽ ഈ സ്നേഹം അനുഭവിച്ചറിയുന്നതാണ്. പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയിൽ അച്ഛൻ പാട്ടും പുറത്തുവിട്ടപ്പോഴും എല്ലാം നിങ്ങൾ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ഏപ്രിലിൽ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ക് ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇപ്പോൾ ലോക്ക് ഡൗണിൽ ഇളവുകൾ വന്നു തുടങ്ങിയിട്ടുണ്ടല്ലോ. തിയേറ്ററുകളും ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ. സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ശുഭവാർത്തക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവർത്തകനെയും സിനിമാ പ്രേമിയെയും പോലെ.... കാര്യത്തിലേക്ക് വരാം.... വെള്ളം അവസാന മിനുക്കുപണിയും കഴിഞ്ഞിരിക്കുകയാണ്. കൊവിഡിൽ നിന്ന് കരകയറി, തിരിച്ചു വരുമ്പോൾ, വെള്ളം തീയറ്ററിൽ റിലീസ് ചെയ്യാനാണ് നിർമാതാക്കളായ ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്‍റെ തീരുമാനം. സെൻട്രൽ പിക്ചേഴ്സാണ് വെള്ളം പ്രദർശനത്തിനെത്തിക്കുന്നത്. പൂർണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമയായതിനാൽ, തിയേറ്റർ എക്സിപീരിയൻസ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്. പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ.... എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം.... കൂടുതൽ ശുഭ വാർത്തകൾ ഉടൻ... സ്നേഹപൂർവം, വെള്ളം ടീമിന് വേണ്ടി, ജി. പ്രജേഷ് സെൻ' ഇതായിരുന്നു സംവിധായകന്‍ പ്രജേഷ് സെന്നിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മനു.പി.നായർ, ജോൺ കുടിയൻമല എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ റോബി വർഗീസ് രാജാണ്‌. ബിജിബാൽ സംഗീതവും, ബിജിത് ബാല എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറിനും സിനിമയിലെ ഒരു ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details