മലയാളത്തിന്‍റെ ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച ഡെന്നിസ് ജോസഫിന്‍റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമായിരുന്നു. ഒമർ ലുലുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പവർ സ്റ്റാർ എന്ന ചിത്രം ബാക്കിവച്ചാണ് അദ്ദേഹം വിടവാങ്ങിയത്. എന്നാൽ, സിനിമ പൂർത്തിയാക്കാൻ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും സഹായിക്കുമെന്ന് അറിയിച്ച കാര്യവും ഒമർ ലുലു വ്യക്തമാക്കിയിരുന്നു.
സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഡെന്നിസ് ജോസഫിന്‍റെ വീട്ടിൽ പോയി സിനിമയുടെ തിരക്കഥ വാങ്ങിയെന്ന് സംവിധായകൻ പറഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഡെനിസ് ജോസഫുമായി പ്രവർത്തിക്കാൻ സാധിച്ചതും അദ്ദേഹവുമായുള്ള സൗഹൃദവുമെന്നും ഒമർ ലുലു വിശദമാക്കി. ഡെന്നിസ് ജോസഫ് എഴുതിയ തിരക്കഥയുടെ ഒരു പേജും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഒമർ ലുലു പങ്കുവച്ചിട്ടുണ്ട്.