ഷാജി പാപ്പനേയും ടീമിനെയും മകന് പരിചയപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ് - മിഥുന്‍ മാനുവല്‍ തോമസ് വാര്‍ത്തകള്‍
കുഞ്ഞ് മകന്‍ മാത്തനെ കയ്യിലിരുത്തിയാണ് മിഥുന്‍ മാനുവല്‍ തോമസ് ആട് ടീമിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് സീരിസ് ഇഷ്ടപ്പെടാത്ത സിനിമാപ്രേമി ഉണ്ടാകില്ല. അത്രക്ക് ആരാധകരുണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷാജി പാപ്പനും സംഘത്തിനും. കേരളക്കരയില്‍ ഒന്നാകെ ചിരിപടര്‍ത്തിയ ആട് സീരിസിലെ കഥാപാത്രങ്ങളെ മകന്‍ മാത്തന് പരിചയപ്പെടുത്തി കൊടുക്കുകയാണ് ആട് സീരിസുകള്‍ ഒരുക്കിയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പാന്‍, വിനായകന്‍റെ ഡ്യൂഡ്, സണ്ണി വെയ്‌ന്‍റെ സാത്താന്‍ സേവ്യര്‍, വിജയ് ബാബുവിന്‍റെ സര്‍ബത്ത് ഷമീര്‍ എന്നീ കഥാപാത്രങ്ങളെയാണ് മിഥുന്‍ മകന് പരിചയപ്പെടുത്തികൊടുത്തത്. മിഥുന്‍ ഷാജിപാപ്പനേയും സംഘത്തെയും പരിചയപ്പെടുത്തുമ്പോള്‍ അച്ഛന്‍റെ കൈയിലിരുന്ന് ആവേശത്തോടെ ചിരിക്കുകയും ചാടുകയും ചെയ്യുന്നുണ്ട് മാത്തന്‍. മാത്തന്‍റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മിഥുന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് 'നല്ലതാടാ' എന്ന പാപ്പാന്‍ സ്റ്റൈല്‍ കമന്‍റുമായി ജയസൂര്യയും എത്തിയിട്ടുണ്ട്. ജൂനിയര്‍ മിഥുന്‍ ഇപ്പോഴെ സംവിധാനം പഠിച്ച് തുടങ്ങിയോ എന്നായിരുന്നു സര്‍ബത്ത് ഷമീറിനെ അവതരിപ്പിച്ച വിജയ് ബാബുവിന്‍റെ കമന്‍റ്. ആടിന്‍റെ 15-ാം ഭാഗം നമുക്ക് മാത്തനെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമെന്നാണ് മറ്റ് ചിലര്‍ കമന്‍റ് ചെയ്തത്. അച്ഛന്‍റെയും മകന്‍റെയും രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.