എറണാകുളം:ഉലകനായകന്‍റെ 232-ാം ചിത്രത്തിന്‍റെ ഫാൻ മേഡ് മോഷൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. കമൽഹാസനൊപ്പം മാസ്റ്റർ സംവിധായകൻ ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നതായി ഈ മാസം 16നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രത്തിന്‍റെ ഫാൻ മേഡ് പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.
ഉലകനായകന് ആരാധകർ ഒരുക്കിയ മോഷൻ പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ - kamal hassan
കമൽ ഹാസൻ ചിത്രത്തിന്‍റെ ഫാൻ മേഡ് പോസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജ് ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ചു.

വിശ്വരൂപം സിനിമയിലെ 'എവൻ എൻഡ്രു നിനൈത്തായ്' ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ തോക്കുകളുടെയും വെടിയുണ്ടകളുടെയും ചിത്രം ഉപയോഗിച്ചാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ നിന്നുമാണ് ആരാധകരുടെ മോഷൻ പോസ്റ്ററും ഒരുക്കിയിട്ടുള്ളത്. ആരാധകരുടെ കലാവിരുത് ആകർഷകമായതിനാൽ തന്നെ സംവിധായകനും മോഷൻ പോസ്റ്റർ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെക്കുകയായിരുന്നു. രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ കമൽ ഹാസൻ നിർമിക്കുന്ന ചിത്രം 2021ൽ റീലീസിനെത്തിക്കാനാണ് തയ്യാറെടുക്കുന്നത്. ഇന്ന് ചെന്നൈയിൽ വിജയ് ആരാധകർ ഒരുക്കിയ ഭക്ഷ്യ കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്ത സംവിധായകൻ ലോകേഷ്, സിനിമയുടെ റിലീസ് തിയേറ്ററുകളിൽ തന്നെയായിരിക്കുമെന്നും അതിന്‍റെ ചർച്ചകൾ നിർമാതാക്കളുമായി നടന്നുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.