അറബിക്കഥയിൽ തുടങ്ങിയ സൗഹൃദം. ആശുപത്രിമുറിയുടെ വാതിലിൽ വന്ന് മുട്ടിയ അവധൂതൻ. അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണ് അതെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടപ്പോൾ മലയാളസിനിമയിൽ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാൻ നിയോഗിക്കപ്പെട്ടത് സംവിധായകൻ ലാൽ ജോസിനായിരുന്നു.
അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നുയർന്ന ഗാനം മാത്രമല്ല, വർഷങ്ങൾക്കിപ്പുറം ജിമ്മിക്കി കമ്മൽ ഗാനത്തിലൂടെയും റെക്കോഡ് സൃഷ്‌ടിച്ച പാട്ടുകൾക്കായിരുന്നു അനിൽ പനച്ചൂരാന്‍റെ തൂലിക ചലിച്ചതെന്ന് ലാൽ ജോസ് പറയുന്നു. പനച്ചൂരാന്‍റെ പ്രയാസങ്ങൾ പെരുകിയപ്പോഴാണ് വെളിപാടിന്‍റെ പുസ്‌തകത്തിനായി അദ്ദേഹത്തെ വിളിച്ചതെന്നും ഇനിയും അയാൾക്കായി അവസരങ്ങൾ ആലോചനയിലുണ്ടായിരുന്നെന്നും ലാൽ ജോസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
"ചോരവീണ മണ്ണിൽ നിന്നുയുർന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകൾ അറബിക്കടലോളം അവസരങ്ങൾ കവിക്ക് മുന്നിൽ തുറന്നിട്ടു. പാട്ടിന്‍റെ കടലിലേക്ക് പനച്ചു ഒഴുകി. തിരക്കുകൾക്കിടയിൽ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകൾ. എന്‍റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്‍റെ പാടലുകൾ ഞാനെന്‍റെ ഫോണിന്‍റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്.
ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടകവീടിന്‍റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകൾ അവനെ കണ്ട നാൾ മുതൽ എന്നും കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അവസരങ്ങൾ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങൾ പെരുകുന്നുവെന്നും അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചു, ജിമിക്കി കമ്മൽ എല്ലാ റിക്കോർഡുകളും തകർത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാൻ പാട്ട് എന്‍റെ ആലോചനയിൽ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി!!"
ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണെന്നും അക്ഷരങ്ങളുടെ അത്ഭുതമാണെന്നും തന്‍റെ സുഹൃത്ത് അനിൽ പനച്ചൂരാനെ സംവിധായകൻ വിശേഷിപ്പിച്ചു. "സ്വർഗത്തിലിപ്പോൾ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരൻമാർ കൂടി ഇനി ചോര വീണമണ്ണിൽ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും," എന്ന് അനുശോചനക്കുറിപ്പിന്‍റെ അവസാനം ലാൽ ജോസ് കുറിച്ചു.