കോട്ടയം: കഥയും അവതരണവും മികച്ചതായാൽ പ്രേക്ഷകശ്രദ്ധ കൊണ്ടുവരാമെന്നും മികച്ച വിജയവും പ്രതികരണവും നേടാമെന്നും ദൃശ്യവും അതിന്‍റെ തുടർഭാഗവും പറയുന്നു. ബിഗ് ബജറ്റിലൊരുക്കി വമ്പൻ താരനിരയെയും സാങ്കേതിക വിദഗ്‌ധരെയും പുറംമോടിയാക്കി ബോക്സ് ഓഫിസ് ഹിറ്റൊരുക്കാൻ പണിപ്പെടുന്ന സിനിമാക്കാരെ ജീത്തു ജോസഫും ടീമും ഓർമിപ്പിക്കുന്നതും ഇതുതന്നെയാണ്.
ദൃശ്യം 3ന് സൂചന നൽകി ജീത്തു ജോസഫ് ജോർജ്ജുകുട്ടിയും കുടുംബവും അവരുടെ ജീവിതത്തിലേക്ക് വന്ന അപ്രതീക്ഷിത സംഭവും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചതിനാലാണ് തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും സിംഹളയിലും എന്തിനേറെ ചൈനയും കടന്ന് ഹോളിവുഡിലേക്ക് വരെ ഈ കൊച്ചുകേരളത്തിൽ നിന്നുള്ള ചിത്രം യാത്ര തുടരുന്നത്.
ദൃശ്യത്തിന്‍റെ ബോക്സ് ഓഫിസ് ഹിറ്റിന് ശേഷം കൊവിഡ് മഹാമാരിക്കിടയിലെ പരിമിതികൾക്കുള്ളിൽ നിന്ന് ജീത്തു ജോസഫ് പടം പിടിച്ചപ്പോൾ, പ്രേക്ഷകരും രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്‌ത ദൃശ്യം 2വും ആദ്യ പതിപ്പിന്‍റെ അതേ നിലവാരം പുലർത്തിയെന്നാണ് അഭിപ്രായം.
ചിത്രത്തിന് തുടർഭാഗമുണ്ടാകുമെന്ന് തന്നെയാണ് പുതിയ ചിത്രത്തിൽ സൂചന നൽകുന്നത്. ത്രില്ലിങും സസ്പെൻസും ട്വിസ്റ്റും കലർത്തി ജീത്തു ജോസഫ് ദൃശ്യം 3യുമായി വീണ്ടുമെത്തുമോ എന്ന് ആരാധകർ ചോദിക്കുന്നുമുണ്ട്. ദൃശ്യം മൂന്നിന്‍റെ ക്ലൈമാക്സ് തയ്യാറാക്കിയിട്ടുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ഇത് മോഹൻലാലുമായും നിർമാതാവ് ആന്‍റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു. അവർ താൽപര്യം അറിയിച്ചുവെന്നും ക്ലൈമാക്സിന് ചേരുന്ന കഥ തയ്യാറായാൽ രണ്ടു മൂന്ന് വർഷത്തിനുള്ളിൽ ദൃശ്യം 3 ചിത്രീകരണം തുടങ്ങാൻ സാധ്യതയുണ്ടെന്നും സംവിധായകൻ ജീത്തു ജോസഫ് കോട്ടയത്ത് പറഞ്ഞു. കോട്ടയം പ്രസ് ക്ളബ് ഒരുക്കിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.