രാമലീല, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‌ത് ശ്രദ്ധനേടിയ സംവിധായകനാണ് അരുണ്‍ ഗോപി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് അരുണ്‍ ഗോപി ഇപ്പോള്‍. കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല സമരപ്പന്തലില്‍ എത്തി സമരക്കാരോടൊപ്പം ഇരിക്കുന്ന ഒരു ചിത്രവും അരുണ്‍ ഗോപി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണി കിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാനാവില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍ ഗോപി കുറിച്ചത്.
'യുവജനങ്ങളുടെ സമര പന്തലില്‍... അവകാശ സംരക്ഷണത്തിനായി റോഡില്‍ അലയുന്ന യുവതയ്ക്കായി... ഇത്രയേറെ ചെറുപ്പക്കാര്‍ റോഡില്‍ പട്ടിണികിടന്നിട്ടും അവര്‍ക്കൊപ്പം ചര്‍ച്ചയ്ക്ക് പോലും തയാറല്ലാത്ത അനീതി കാണാതെ പോകാന്‍ കഴിയാത്തത് കൊണ്ട്.. ഇതൊരു രാഷ്ട്രീയ പ്രവേശനമല്ല... രാഷ്ട്രീയ മാനങ്ങളും ഇതിന് ആവശ്യമില്ല.. തന്‍റേതല്ലാത്ത രാഷ്ട്രീയമാണെന്ന് തോന്നുന്നവര്‍ക്ക് പൊങ്കാലകള്‍ ആകാം.. ഇത് ജീവിത്തില്‍ സ്വപ്‌നങ്ങള്‍ ഉള്ളവര്‍ക്ക്, അതിനെ തെരുവില്‍ ഉപേക്ഷിക്കാന്‍ മനസില്ലാതെ പൊരുതാന്‍ ഉറച്ചവര്‍ക്ക് മാത്രം മനസിലാകുന്ന, തൊഴില്‍ നിഷേധത്തിന്‍റെ നീതി നിഷേധത്തിന്‍റെ രാഷ്ട്രീയമാണ്.. പ്രിയ സുഹൃത്തുക്കള്‍ വിഷ്ണുവിനും ഷാഫിക്കും ശബരിക്കും തൊഴില്‍ നിഷേധിക്കപ്പെട്ട പല രാഷ്ട്രീയ വിശ്വാസികളായ യുവത്വത്തിനുമൊപ്പം...' എന്നായിരുന്നു അരുണ്‍ ഗോപി കുറിച്ചത്.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മതിയായ നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തുകയാണ്.