മലയാള സിനിമയ്‌ക്ക് എക്കാലത്തേക്കും മുതല്‍ക്കൂട്ടാകുന്ന മൂന്ന് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. അദ്ദേഹത്തിന്‍റെ സിനിമകളിലെ രംഗങ്ങളിലുള്ള ബ്രില്ല്യന്‍സ് എന്നും സിനിമാപ്രേമികള്‍ ആരാധനയോടെയാണ് വീക്ഷിക്കാറുള്ളത്. അടുത്തിടെ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായ ജോജിയും വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോള്‍ സിനിമയുടെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്‌തു.
പനച്ചേല്‍ ഫാമിലിയുടെ വീടും ഏക്കര്‍ കണക്കിന് നീണ്ട് പരന്ന് കിടക്കുന്ന റബ്ബര്‍ തോട്ടവും കുളവും എല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാണികളിൽ ചിരിപടർത്തുന്ന രീതിയിൽ രസകരമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തായ ശ്യാം പുഷ്കരനാണ് ബിഹൈന്‍ഡ് ദി സീന്‍സ് ക്യാമറയില്‍ പകര്‍ത്തിയത്.
ജോജിയിൽ നാം കാണുന്ന കുളം യഥാർഥത്തിൽ ഉള്ളതായിരുന്നില്ലെന്നും സിനിമയ്ക്ക് വേണ്ടി പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ചതാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പറഞ്ഞ് നിര്‍മിച്ചതാണെന്ന് തോന്നത്ത രീതിയില്‍ അത്ര മനോഹരമായാണ് സിനിമയില്‍ ഈ കുളത്തെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നത്.
ഛായാഗ്രഹകൻ ഷൈജു ഖാലിദ്, ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും നടിയുമായ ഉണ്ണിമായ പ്രസാദ് മറ്റ് അണിയറ പ്രവർത്തകർ എന്നിവരെയും വിഡിയോയിൽ കാണാം. ഓരോ കഥാ സന്ദർഭവും വിശദമായി വിവരിച്ചും ചെയ്യേണ്ടതെന്തെന്ന് അഭിനയിച്ച് കാണിച്ചുമാണ് ദിലീഷ് പോത്തൻ ജോജിയെ ഓരോ രംഗങ്ങളും എടുത്തിരിക്കുന്നത്. ‘പോത്തേട്ടൻസ് ബ്രില്യൻസ്’ തനിയെ ഉണ്ടാകുന്നതല്ല, കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണെന്ന് വീഡിയോകണ്ടവരെല്ലാം കമന്‍റായി കുറിച്ചു. ഫഹദ് ഫാസിലായിരുന്നു ഒടിടി റിലീസായി എത്തിയ ജോജിയിലെ ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചത്.