ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മിമിക്രിയും ഹാസ്യവും നിറച്ച നായകന്‍റെ വേഷങ്ങൾ തകർത്താടിയ മലയാളത്തിന്‍റെ ജനപ്രിയതാരമാണ് ദിലീപ്. കുട്ടികൾ മുതൽ കുടുംബ പ്രേക്ഷകർ വരെ ആസ്വദിച്ച് ആവർത്തിച്ച് കാണുന്നതാണ് ദിലീപ് ചിത്രങ്ങൾ. ജൂലൈ നാല് ആകട്ടെ ദിലീപിന്‍റെ സിനിമാജീവിതത്തിൽ വലിയ പ്രാധാന്യമുള്ള ദിവസവും.
മലയാളികളെ കുടുകുടാ ചിരിപ്പിച്ച സിഐഡി മൂസയും പാണ്ടിപ്പടയും മീശമാധവനും ഈ പറക്കും തളികയും ജൂലൈ നാലിനായിരുന്നു റിലീസ്. തിയേറ്ററുകളിൽ വമ്പൻ വിജയം നേടി, ടെലിവിഷൻ സംപ്രേഷണത്തിൽ പോലും ഇപ്പോഴും കാണികളേറെയുള്ള സിനിമകളാണ് ഫാമിലി എന്‍റർടെയ്‌നർ ചിത്രങ്ങളായ ഇവ ഓരോന്നും. പോരാത്തതിന് ജോഷിയുടെ സംവിധാനത്തിൽ ഇതേ പേരിൽ ഒരു സിനിമയിൽ അഭിനയിക്കാനും ദിലീപിന് രാശിയുണ്ടായിട്ടുണ്ട്.
ദിലീപ് ആരാധകരും ജൂലൈ നാലും
ജൂലൈ 4ന് റിലീസ് ചെയ്‌ത് വിജയിച്ച ദിലീപ് ചിത്രങ്ങളും അവയുടെ പോസ്റ്ററുകളുമാണ് ഫേസ്ബുക്കിലും ഫാൻസ് ഗ്രൂപ്പുകളിലും ട്രെൻഡാകുന്നത്. ഈ നാല് ചിത്രങ്ങളിലും ദിലീപിനൊപ്പം നർമത്തിന് മേമ്പൊടിയായി കൂടെയുണ്ടായിരുന്നത് ഹരിശ്രീ അശോകനാണ്. മഹാവിജയങ്ങളായ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കുറിച്ചുകൊണ്ട് ഹരിശ്രീ അശോകനും ഫേസ്‌ബുക്കിൽ പ്രതികരിച്ചു.
കോമഡി ഡയലോഗുകളും സ്ലാപ്‌സ്റ്റിക് കോമഡികളുമാണ് മുതിർന്നവരെ തിയേറ്ററുകളിലേക്ക് അടുപ്പിച്ചതെങ്കിൽ, ടോം ആൻഡ് ജെറി ചേസിങ്ങാണ് കുട്ടികളെ രസിപ്പിച്ചത്.
ഈ പറക്കും തളിക
ഈ ബസ്സുകാരനൊരു ബസ് വാങ്ങിയത് അസ്സൽ സംഭവമായി... ഒരു ബസും യാത്രാമധ്യേ കണ്ടുമുട്ടിയ ആളുകളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കൂട്ടത്തിൽ ആദ്യ ചിത്രം 2001 ജൂലൈ 4ന് പുറത്തിറങ്ങിയ ഈ പറക്കും തളികയാണ്. നിത്യ ദാസായിരുന്നു ചിത്രത്തിലെ നായിക. ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ഇന്ന് സിനിമ പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിടുന്നു.
മീശമാധവന്‍
2002 ജൂലെ നാലിന് പ്രദർശനത്തിനെത്തി നൂറിലധികം ദിവസമോടിയ ചിത്രമാണ് മീശമാധവൻ. ലാൽ ജോസിന്‍റെ സംവിധാനത്തിൽ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായ ദിലീപും കാവ്യ മാധവനും ഒന്നിച്ച ഹിറ്റ് ചിത്രം. സിനിമയിലെ കള്ളൻ മാധവനും പുരുഷുവും ഭഗീരഥൻ പിള്ളയും പെഡലി ത്രിവിക്രമനും എസ്‌ഐ ഈപ്പൻ പാപ്പച്ചിയുമൊക്കെ ട്രോളന്മാർക്കിടയിലും മലയാളിയുടെ നിത്യദിവസങ്ങളിലും ഭാഗമാണ്.