അണിയറയില്‍ ഒരുങ്ങുന്ന 'പൊഗാരു' എന്ന പുതിയ കന്നട സിനിമയിലെ വീഡിയോ ഗാനം വിവാദത്തില്‍. ധ്രുവ സര്‍ജ നായകനായെത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള നൃത്തരംഗങ്ങള്‍ അടങ്ങിയ 'കാരാബൂ' എന്ന ഗാനമാണ് ഇപ്പോള്‍ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
കന്നഡ സിനിമ 'പൊഗാരു'വിലെ ഗാനം വിവാദത്തില്‍
ധ്രുവ സര്‍ജ നായകനായെത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള നൃത്തരംഗങ്ങള്‍ അടങ്ങിയ 'കാരാബൂ' എന്ന ഗാനമാണ് ഇപ്പോള്‍ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്
ഗാനത്തില്‍ റൗഡി ഹീറോയായി എത്തുന്ന നായകന്‍ ധ്രുവ നായിക രശ്മികയെ ഭീഷണിപ്പെടുത്തി പ്രണയിക്കാന്‍ നിര്‍ബന്ധിക്കുന്ന രംഗങ്ങളാണുള്ളത്. കൂടാതെ നായികയെ കുറിച്ച് പരാമര്‍ശിക്കുന്ന വരികളില്‍ നായ, കുറുക്കന്‍, കൃമി എന്നിങ്ങനെ വിളിക്കുന്നുമുണ്ട്. ഇതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ഗാനത്തിന് എതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ത്രീക്ക് നേരെയുള്ള അക്രമങ്ങള്‍ കുത്തിനിറച്ച വീഡിയോ അസ്വസ്ഥത ഉളവാക്കുന്നുവെന്നാണ് പലരും പ്രതികരിക്കുന്നത്.
വീഡിയോ ഗാനത്തിനെതിരെ കന്നട നടനും സാമൂഹ്യപ്രവര്‍ത്തകനുമായ ചേതന്‍ കുമാറും രംഗത്തെത്തിയിട്ടുണ്ട്. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ആശംസകള്‍ അറിയിച്ചുള്ള ധ്രുവ സര്‍ജയുടെ ട്വീറ്റിന് ശേഷമാണ് ചേതന്‍ വീഡിയോ ഗാനത്തിനെതിരെയുള്ള പ്രതിഷേധം അറിയിച്ച് ട്വീറ്റ് ചെയ്തത്. 'സ്ത്രീയെ നായ, കുറുക്കന്‍, കൃമി എന്ന് വിളിക്കുന്ന കന്നട നടന്‍...…നായികയുടെ മുടി പിടിച്ച് വലിക്കുന്നു, കഴുത്ത് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, കൈയ്യേറ്റം ചെയ്തുകൊണ്ടുള്ള ‘റൊമാന്‍സ്...' അത് അഭിനയിക്കുന്ന നടന്‍... ആ നടന്‍ ഇപ്പോള്‍ അംബേദ്കര്‍ ജയന്തി ആശംസിക്കുന്നു... അസ്വസ്ഥം, മൂഢത' ഇതായിരുന്നു ചേതന്‍റെ ട്വീറ്റ്.