ധനുഷ് നിർണായക വേഷം ചെയ്യുന്ന ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാൻ' ചിത്രീകരണം പൂർത്തിയാക്കി. സിനിമയുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സാണ് സിനിമ പൂർത്തിയായ വിശേഷം പങ്കുവച്ചത്. ചിത്രീകരണത്തിലെ അവസാനദിവസത്തെ ലൊക്കേഷൻ വീഡിയോയും സംവിധായകരായ ജോ റൂസോ, ആന്‍റണി റൂസോ എന്നിവർ പങ്കുവച്ചു.
ദി ഗ്രേ മാൻ ചിത്രീകരണം പൂർത്തിയാക്കിയതിനാൽ ധനുഷ് യുഎസിൽ നിന്നും ചെന്നൈയിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്ന അഭ്യൂഹങ്ങളും പിന്നാലെയുണ്ട്.
More Read: ധനുഷിന്‍റെ 'ദി ഗ്രേ മാൻ' ഷൂട്ടിങ് തുടങ്ങി
ധനുഷ് ഭാഗമാകുന്ന രണ്ടാമത്തെ വിദേശ ചിത്രമാണ് ദി ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത 'എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് താരം അഭിനയിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്‌തരായ സംവിധായകരാണ് റൂസ്സോ ബ്രദേഴ്‌സ്. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.